rahul-gandhi

പട്‌ന: രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ബിഹാറില്‍ ഇന്നു രാവിലെ നടന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യ്ക്കിടെയായിരുന്നു അപകടം. പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തിങ്ങി നിറഞ്ഞ വീഥിയിലൂടെ ജാഥ പുരോഗമിക്കുന്നതിനിടെയാണ് അപകടം. രാഹുല്‍ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പ് പൊലീസ് ഉദ്യോഗസ്ഥന്റെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു.

ഉടന്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വാഹനം പിറകിലേക്ക് തള്ളിനീക്കി പോലീസുകാരനെ ജീപ്പിന്റെ വീലുകള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. അപകടം നടന്ന ഉടനെ തന്നെ രാഹുല്‍ ഗാന്ധി പരിക്കേറ്റ പൊലീസുകാരന് വെള്ളം നല്‍കി. പിന്നീട് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനെ സന്ദര്‍ശിക്കുകയും ചെയ്തു.

ബിഹാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയെ 'ക്രഷ് ജന്‍താ യാത്ര' എന്ന് ബി.ജെ.പി പരിഹസിച്ചു. ''രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം പൊലീസ് ഉദ്യോഗസ്ഥന്റെ കാല്‍ ചതച്ചരച്ചു. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.എന്നിട്ടും രാജാവ് താഴെയിറങ്ങി അന്വേഷിച്ചില്ല'' ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനെവാല പരിഹസിച്ചു.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറില്‍ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 'വോട്ടര്‍ അധികാര്‍ യാത്ര' ആരംഭിച്ചത്. ബിഹാറില്‍ വോട്ടുകള്‍ ചോര്‍ത്താന്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവും രാഹുല്‍ നേരത്തെ ഉന്നയിച്ചിരുന്നു.

16 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര സെപ്റ്റംബര്‍ 1 ന് പട്‌നയില്‍ അവസാനിക്കും. 20 ജില്ലകളിലായി 1300 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന രീതിയിലാണ് യാത്രയുടെ റൂട്ട് ക്രമീകരിച്ചിട്ടുള്ളത്. നളന്ദ, മുന്‍ഗര്‍, ഭഗല്‍പൂര്‍, കതിഹാര്‍, പൂര്‍ണിയ, ദര്‍ഭംഗ തുടങ്ങി പ്രധാന ഭാഗങ്ങളിലൂടെ യാത്ര കടന്ന് പോകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കാരണമായ ഭാരത് ജോഡോ യാത്രയ്ക്കും ന്യായ് യാത്രയ്ക്കും ശേഷം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വലിയ രാഷ്ട്രീയ പരിപാടിയാണ് 'വോട്ടര്‍ അധികാര്‍ യാത്ര'.