gaza

ടെല്‍ അവീവ്: ഗാസയില്‍ 60 ദിവസത്തെ വെടിനിറുത്തലിനായി ആവിഷ്‌കരിച്ച നിര്‍ദ്ദേശത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണം കാത്ത് മദ്ധ്യസ്ഥ രാജ്യങ്ങളായ ഈജിപ്റ്റും ഖത്തറും. നിര്‍ദ്ദേശം പരിശോധിച്ചു വരികയാണെന്ന് ഇസ്രയേല്‍ പറയുന്നു. വെടിനിറുത്തല്‍ നിര്‍ദ്ദേശത്തെ ഹമാസ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

കരാര്‍ പ്രകാരം പകുതിയോളം ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ജീവനോടെയുള്ള 10 ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് വിട്ടുനല്‍കണമെന്നും പകരം, ഇസ്രയേലി ജയിലുകളിലുള്ള നൂറുകണക്കിന് പാലസ്തീനികളെ മോചിപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

മുഴുവന്‍ ബന്ദികളെയും വിട്ടുകിട്ടണമെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇതിനിടെ, വെടിനിറുത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കരുതെന്ന് കാട്ടി സര്‍ക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരണമെന്നാണ് ഇവരുടെ ആവശ്യം.

അതേ സമയം, വെടിനിറുത്തല്‍ നടപ്പാക്കി ബന്ദികളെ തിരിച്ചെത്തിക്കണമെന്ന് കാട്ടി ആയിരക്കണക്കിന് ജനങ്ങളും പ്രതിഷേധവുമായി ഇസ്രയേലി തെരുവുകളില്‍ ഇറങ്ങി. ഗാസയില്‍ തുടരുന്ന 50ഓളം ബന്ദികളില്‍ ഏകദേശം 20 പേര്‍ മാത്രമാണ് ജീവനോടെയുള്ളത്. ഇന്നലെ ഗാസയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ആകെ മരണ സംഖ്യ 62,060 കടന്നു.