flight

റിയാദ്: അന്താരാഷ്ട്ര സര്‍വീസുകളില്‍ ഉള്‍പ്പെടെ 50 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി. സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് ആണ് വിവിധ സെക്ടറുകളിലേക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കാണ് ഓഫര്‍ പ്രാബല്യത്തിലാകുക.

കമ്പനി വെബ്സൈറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍, തുടങ്ങി ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴിയും സെയില്‍സ് ഓഫിസുകള്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ നിരക്ക് ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ബിസിനസ്, ഇക്കണോമി ക്ലാസുകള്‍ക്ക് ഓഫര്‍ ബാധകമാകും.

ഓഗസ്റ്റ് 31 വരെ ബുക്ക് ചെയ്തവര്‍ക്കായിരിക്കും ഇളവ് ലഭിക്കുക. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ പത്തു വരെയുള്ള യാത്രകള്‍ക്കായിരിക്കും ഓഫര്‍.വിമാന ടിക്കറ്റുകള്‍ക്കൊപ്പം ലഭിക്കുന്ന ഡിജിറ്റല്‍ ലിങ്ക് വഴി ഇഷ്യു ചെയ്യുന്ന ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് സൗദിയില്‍ 96 മണിക്കൂര്‍ തങ്ങാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ഇത് സന്ദര്‍ശകര്‍ക്ക് ഉംറ നിര്‍വഹിക്കാനും മക്ക, മദീന ഉള്‍പ്പെടെയുള്ള വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്താനും അവസരം നല്‍കുന്നു. 100 ലധികം നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈനിന് നിലവില്‍ 149 വിമാനങ്ങളാണ് ഉള്ളത്.