rafi

പാലക്കാട്: തൃത്താലയിൽ വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി. കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയാണ് പിടിയിലായത്. ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാല് യുവാക്കൾ സുൽത്താൻ റാഫിയുടെ സുഹൃത്തിനെ കളിയാക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

തുടർന്ന് റാഫിയും മൂന്ന് സുഹൃത്തുക്കളും കളിയാക്കിയ യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും, കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ഇയാൾക്കൊപ്പമുള്ള മൂന്ന് പ്രതികളെ നേരത്തെ പിടികൂടി ജാമ്യത്തിൽ വിട്ടിരുന്നു.

റാഫി കേസിലെ ഒന്നാം പ്രതിയാണ്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് റാഫിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസിന് ലഭിച്ചത്. റാഫിയുടെ വീടിന്റെ പരിസരമായിരുന്നു മൊബൈൽ ടവർ ലൊക്കേഷൻ. ഇയാളുടെ വീട്ടിൽ രഹസ്യ അറയുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് പൊലീസ് വീട്ടിലെത്തിയത്. അടുക്കളയുടെ അലമാരയോടുചേർന്ന് സാധനങ്ങളെല്ലാം വയ്ക്കുന്ന മച്ചിലായിരുന്നു ഇയാൾ ഒളിവുജീവിതം നയിച്ചത്. അഞ്ച് കേസുകളിൽ പ്രതിയാണ് റാഫി.