ലണ്ടൻ: വിശ്വ പ്രസിദ്ധ ബ്രിട്ടീഷ് ചലച്ചിത്രകാരനായ കെൻ ലോചിന് ഇന്ന് എഡിൻബറോ ഫിലിം ഫെസ്റ്റിവലിന്റെ ആദരം. കാൻ ഫിലിം ഫെസ്റ്റിവലിലെ ഉന്നതമായ പാം ഡോർ അവാർഡ് രണ്ട് തവണ നേടിയ അപൂർവ സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. 89ന്റെ നിറവിൽ നിൽക്കുന്ന കെൻ ലോച് 'ഓൾഡ് ഓക് ' എന്ന തന്റെ പുതിയ ചിത്രം കൊണ്ട് വന്നത് രണ്ട് വർഷം മുൻപ് മാത്രമാണ്. ബ്രിട്ടനിലെ അഭയാർത്ഥികളുടെ കഥ അവശതയനുഭവിക്കുന്ന വടക്കൻ ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തിൽ പറയുകയാണ് കെൻ ലോച് 'ഓൾഡ് ഓക് ' എന്ന ചിത്രത്തിൽ.
സമൂഹത്തിലെ അടിസ്ഥാന വിഭാഗം മനുഷ്യരെക്കുറിച്ചുള്ള അതിശക്തമായ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നയാളാണ് കെൻ ലോച്. കെൻ ലോചിന്റെ 14 ചിത്രങ്ങളിൽ തിരക്കഥയെഴുതിയ പോൾ ലവർട്ടിയും നിർമ്മാതാവും ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കും.
'റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ' എന്ന ഫാബിയൻ ബുക്സ് പ്രസിദ്ധീകരിച്ച മണമ്പൂർ സുരേഷിന്റെ പുസ്തകത്തിൽ ഒരധ്യായം കെൻ ലോചിനെക്കുറിച്ചാണ്. അതും ഇന്ന് കെൻ ലോച്ചിന് കൊടുക്കും. കഴിഞ്ഞ 42 വർഷമായി ലണ്ടൻ ഫിലിം ഫെസ്റ്റിവൽ കവർ ചെയ്ത പത്ര പ്രതിനിധി എന്ന അനുഭവത്തിൽ നിന്നാണ് പുസ്തകം വരുന്നത്. അതിന്റെ പുതിയ വിപുലീകരിച്ച പതിപ്പ് ഉടൻ പുറത്തു വരാൻ പോകുകയാണ്.