food

ദൈനംദിന ജീവിതത്തിൽ പോഷകസമ്പന്നമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നവരും അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യത്തിന് ഗുണം ചെയ്യും. ദിവസവും കുറഞ്ഞത് ഒരു മുട്ടയെങ്കിലും കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. എന്നാൽ ചിലർക്ക് മുട്ട കഴിക്കുന്നതിന് പലവിധത്തിലുളള പ്രശ്നങ്ങളുണ്ടാകും.

ദിവസവും മുട്ട കഴിച്ചാൽ ചിലർക്ക് മുഖക്കുരു വരും. ഇത് സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളിയാകും. ഈ പ്രശ്നങ്ങൾ ഉളളതുകൊണ്ട് പലരും ഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കുകയാണ് പതിവ്. ഈ പ്രശ്നം പരിഹരിച്ചാലോ. മുട്ട കഴിക്കാതെ തന്നെ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കും. മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.


1. സോയാബീൻ
അസ്ഥികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന സാധനമാണ് സോയാബീൻ. 100 ഗ്രാം സോയാബീനിൽ 25 ഗ്രോം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് സാലഡുകളിലോ കറികളിലോ ഉൾപ്പെടുത്തി കഴിക്കുകയാണെങ്കിൽ ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും.

2. പനീർ
അസ്ഥികളുടെയും പേശികളുടെയും ശക്തിക്ക് പനീർ ഗുണം ചെയ്യും. 100 ഗ്രാം പനീറിൽ 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
3. തൈര്
രോഗപ്രതിരോധ ശേഷിക്ക് ഉത്തമമാണ് തൈര്. സാധാരണ തൈരിൽ 3.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും കൊഴുപ്പ് കുറഞ്ഞവയിൽ ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതുപോലെ ശരീരത്തെ തണുപ്പിക്കാൻ മോര് കുടിക്കുന്നത് ഗുണം ചെയ്യും. 100 ഗ്രാം മോരിൽ 7.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
4. നിലക്കടല
ഊർജം നിലനിർത്താൻ സഹായിക്കുന്നതാണ് നിലക്കട. വിശപ്പ് നിയന്ത്രിക്കാനും ഇത് സഹായിക്കും. 100 ഗ്രാം നിലക്കടലയിൽ 25.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
5. ബദാം
തലച്ചോറിന്റെ പ്രവർത്തനക്ഷമതയെയും ചർമ്മ സംരക്ഷണത്തിനും നിശ്ചിത അളവിൽ ബദാം കഴിക്കുന്നത് ഗുണകരമാകും. 100 ഗ്രാം ബദാമിൽ 21.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
6. ചെറുപയർ
ദഹനം എളുപ്പമാക്കാൻ ചെറുപയർ കഴിക്കുന്നത് സഹായകരമാകും. 100 ഗ്രാം ചെറുപയറിൽ 24 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.