d

ന്യൂഡൽഹി: ഡൽഹിയിലെ ദാരിഗംജിൽ കെട്ടിടം തകർന്ന് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. സുബൈർ, ഗുൽസാഗർ, തൗഫിഖ് എന്നിവരാണ് മരിച്ചത്. സെൻട്രൽ ഡൽഹിയിലെ സദ്ഭവ്ന പാർക്കിനോട് ചേർന്നുള്ള ബഹുനില കെട്ടിടമാണ് ​ഇന്നലെ ഉച്ചയ്ക്ക് 12.14ഓടെ തകർന്നത്. ഗ്രൗണ്ട് നിലയും മുകളിലെ രണ്ട് നിലയും ഉൾപ്പെടുന്ന ഭാഗം തകർന്ന് തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. തുടർന്ന് പൊലീസും അഗ്നിശമനസേനയും ചേർന്ന് തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലായ് 12ന് ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ കുട്ടി ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടിരുന്നു.