കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 കുട്ടികൾ അടക്കം 79 ആയി. ഹെറാത്ത് പ്രവിശ്യയിലെ ഹൈവേയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നിയന്ത്രണംവിട്ട ബസ്, എതിർദിശയിൽ വന്ന ട്രക്കിലും ഒരു ബൈക്കിലേക്കും ഇടിച്ചുകയറി. പിന്നാലെ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മറ്റ് രണ്ട് വാഹനങ്ങളിലെ യാത്രികരായ രണ്ടു പേരും മരിച്ചവരിൽ ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. ബസ് ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണം. പരിധിയിലും അധികം പേർ ബസിലുണ്ടായിരുന്നു. ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട അഫ്ഗാൻ കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. അഫ്ഗാനിൽ നിന്ന് രേഖകളില്ലാതെ കുടിയേറിയവരെ നാടുകടത്തുന്ന നടപടി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാൻ ശക്തമാക്കിയിരിക്കുകയാണ്.