ശക്തമായ മഴയും വെയിലും മാറിമാറി വരുന്ന കാലമാണിത്. മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കമുണ്ടാകാം. ഇതിനിടെ വീടിന്റെ പരിസരത്തും മുറ്റത്തും ചുറ്റുപാടുമെല്ലാം ഇഴജന്തുക്കളടക്കം പ്രാണികൾ വന്നുകയറാം. ഇവയെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്താൽ അപകടങ്ങളും സംഭവിക്കാം.
തെരുവ്നായ്ക്കൾ, പൂച്ച,പക്ഷികൾ എന്നിവയെപ്പോലെ ഉരഗങ്ങളും വീടിന്റെ മുറ്റത്തും തൊടിയിലും വീടിനുള്ളിൽ വരെയും കയറിവരാൻ സാദ്ധ്യതയുണ്ട്. ഇവയെ അകറ്റാൻ ചില അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. മഴക്കാലമായതിനാൽ തവളകളോ മറ്റ് പ്രാണികളോ എല്ലാം വീട്ടിലും പരിസരത്തും ധാരാളമായി ഉണ്ടാകാം. വീട് വൃത്തിയായി സൂക്ഷിക്കുന്ന എന്നതാണ് പാമ്പടക്കം ഉരഗങ്ങൾ വീട്ടിൽ കയറാതിരിക്കാൻ വേണ്ടത്.
ഒരു വീട്ടിലേക്ക് മതിലുകളിലെ പൊട്ടലുകളും ദ്വാരങ്ങളും മറ്റും വഴി ഉരഗങ്ങൾ കയറിവരാം. മഴക്കാലത്തിന് മുൻപ് അവ അടയ്ക്കുക. വെള്ളം തങ്ങിനിൽക്കാനുള്ള സാദ്ധ്യത ഒഴിവാക്കണം. മഴയിൽ ടയറുകൾ, പഴയചട്ടികൾ ഇവയുടെയൊക്കെ ഉള്ളിൽ വെള്ളം തങ്ങിനിൽക്കുന്ന അവസ്ഥ ഉണ്ടാകരുത്. ഇത് പ്രാണികളെ ആകർഷിക്കും. അവയെ ഭക്ഷിക്കാൻ ഓന്ത്, പാമ്പ്, ഉടുമ്പ് പോലെ ജീവികൾ അപ്പോൾ വന്നേക്കാം.
ഉരഗങ്ങൾ വരുന്ന വഴിയിൽ വെളുത്തുള്ളി ചേർത്ത ജലം, ഗ്രാമ്പൂ ഓയിൽ, പാറ്റാഗുളിക വിതറുക എന്നിങ്ങനെ മാർഗങ്ങളും ശല്യം ഒഴിവാക്കാൻ നല്ലതാണ്. എന്നാൽ കുട്ടികൾക്ക് എത്തുന്ന സ്ഥലങ്ങളിൽ ഒരുകാരണവശാലും ഇവ വയ്ക്കരുത്. രാത്രികാലങ്ങളിൽ ഏറെനേരം വെളിച്ചം ഉണ്ടാകുന്നത് പ്രാണികളെ ആകർഷിക്കും. ഇവയെ തിന്നുന്നതിന് ഉരഗങ്ങൾ വരുന്നതും പ്രശ്നമാണ്. ഇക്കാര്യങ്ങളും ശ്രദ്ധിക്കണം.