ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡിന്റെ കിംഗാണ് നടൻ ഷാരൂഖ് ഖാൻ. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തെ ആർക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോഴിതാ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ "ദി ബാഡ്‌സ് ഓഫ് ബോളിവുഡ്" എന്ന ചിത്രത്തിന്റെ പ്രിവ്യൂ ലോഞ്ചിൽ ഭാര്യ ഗൗരി ഖാനൊപ്പം പങ്കെടുത്തപ്പോൾ വളരെ വികാരാധീനനായിട്ടാണ് ആര്യനെക്കുറിച്ച് ചടങ്ങിൽ ഷാരൂഖ് സംസാരിച്ചത്.
'മൂന്ന് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ രസിപ്പിക്കാൻ അവസരം നൽകിയതിന് മുംബയ് നഗരത്തിനും രാജ്യത്തിനും നന്ദി. ഇന്ന് വളരെ പ്രത്യേകതയുള്ള ഒരു ദിവസമാണ്. കാരണം എന്റെ മകനും ഈ പുണ്യഭൂമിയിൽ ആദ്യ ചുവടുകൾ വയ്ക്കുന്ന ദിവസമാണ്. അവൻ വളരെ നല്ല കുട്ടിയാണ്. ഇന്ന് അവൻ നിങ്ങളുടെ മുന്നിൽ വരുമ്പോൾ, അവന്റെ വർക്ക് നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ, ദയവായി അവനുവേണ്ടി കയ്യടിക്കുക. ആ കൈയ്യടിക്കൊപ്പം അനുഗ്രഹങ്ങളും പ്രാർത്ഥനകളും നൽകുക. ഞാൻ മുമ്പ് നിങ്ങളോട് പറഞ്ഞതുപോലെ, എനിക്ക് നൽകിയ സ്നേഹത്തിന്റെ 150ശതമാനം അവനും നൽകണം'. ഷാരൂഖ് ഖാൻ പറഞ്ഞു.
അതേസമയം ആര്യൻ ഖാൻ തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് സംസാരിച്ചു. ഈ പരമ്പരയിലൂടെ ബോളിവുഡിൽ ജീവനുള്ള ഒരു ലോകം നിർമ്മിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തമാസം സെപ്തംബർ 18നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യുന്നത്. അനിശ്ചിതത്വം നിറഞ്ഞ ഒരു ലോകത്തിലൂടെ യാത്രചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെയും സുഹൃത്തുക്കളുടെയും കഥയാണ് ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ കഥാ തന്തു.
ബോബി ഡിയോള്‍, ലക്ഷ്യ, സഹേര്‍ ബംബ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയല്‍, അന്യ സിംഗ്, വിജയ്ന്ത് കൊഹ്ലി എന്നിവര്‍ ഉൾപ്പെടെ രജത് ബേദിയും ഗൗതമി കപൂറും സിനമയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.