rahul-mamkootathil

പത്തനംതിട്ട: തന്റെ പേരിൽ പുറത്തുവന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഇന്നത്തെ കാലത്ത് ആർക്കുവേണമെങ്കിലും വ്യാജമായി തയ്യാറാക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. എഴുത്തുകാരി ഹണി ഭാസ്കരൻ ഉന്നയിച്ച ആരോപണങ്ങളിലും രാഹുൽ മറുപടി നൽകി. ഹണി ഭാസ്കരന് എന്തങ്കിലും പരാതിയുണ്ടെങ്കിൽ അത് നിയമപരമായി നേരിടുമെന്നും രാഹുൽ പറഞ്ഞു.

'ഇവര്‍ ശ്രീലങ്കയില്‍ പോയപ്പോള്‍ പങ്കുവച്ച സ്റ്റാറ്റസിന് ലൗ ചിഹ്നമിട്ടത് എങ്ങനെ ഫ്‌ളേർട്ടിംഗ് ആകും? പരാതിയുണ്ടെങ്കില്‍ അത് നിയമപരമായി നേരിടും. ഞാന്‍ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനം ചെയ്യുന്നുണ്ടോ? അതാണ് നിങ്ങൾ പരിഗണിക്കേണ്ടത്. എനിക്കെതിരെ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ എന്നോട് പറഞ്ഞിട്ടില്ല. ആർക്കെങ്കിലും എന്നെക്കുറിച്ച് പരാതിയുണ്ടോ? അതല്ലേ പരിഗണിക്കേണ്ടത്.

ശ്രീലങ്കയും ലൗ ചിഹ്നവും കാണിച്ച് ഞാന്‍ ഫ്‌ളേർട്ട് ചെയ്യാൻ ശ്രമിച്ചെന്നാണ് അവർ പറയുന്നത്. അതിൽ തെളിവുകളുണ്ടെങ്കിൽ പുറത്തുകൊണ്ടുവരട്ടെ. ഉത്തരവാദിത്തമുള്ളവര്‍ ആരോപണം ഉന്നയിച്ചാല്‍ മറുപടി നല്‍കാം. ഞാൻ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായപ്പോൾ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന്‌ ആരോപണം ഉന്നയിച്ചു. എന്തെങ്കിലും തെളിവുകള്‍ ആരെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ? സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരേ ഞാൻ പരാതി നൽകണോ? ആര്‍ക്കെങ്കിലും എനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ കേസ് കൊടുക്കുക. കോടതിയില്‍ ഉത്തരം നൽകാം'- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

യുവ നടിയുടെ നിർണായ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വലിയ രീതിയിലുളള വിമർശനങ്ങളാണ് ഉയർന്നത്. വിഷയത്തിൽ ധാർമികതയുടെ പുറത്ത് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കുകയാണെന്ന് രാഹുൽ ഇന്ന് ഉച്ചയോടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തെറ്റ് ചെയ്തതുകൊണ്ടല്ല രാജിയെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.