കൊല്ലം: ഇരുപത്തിയെട്ടുകാരി ഭാര്യ പഠിപ്പിക്കുന്ന ക്ളാസിൽ വിദ്യാർത്ഥിയായി മുപ്പത്തിയൊന്നു കാരനായ ഭർത്താവ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന കേന്ദ്രത്തിലെ സംസ്കൃത വേദാന്തം ഗസ്റ്റ് അദ്ധ്യാപികയായ ആര്യമോൾക്കും ഭർത്താവ് രതീഷിനുമാണ് ഇങ്ങനെയൊരു നിയോഗം.
നേരത്തെ എം.ഫില്ലും രണ്ടു ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള മാള ഇമ്പാലുപറമ്പിൽ ഹൗസിൽ രതീഷ് ഇവിടെ ഒന്നാംവർഷ ഹിന്ദി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. മൂന്നാം സെമസ്റ്ററിലാണ് ഇലക്ടിവായി സംസ്കൃത വേദാന്തം ആര്യയുടെ ശിക്ഷണത്തിൽ പഠിക്കാൻ അവസരം വന്നത്.
മൂവാറ്റുപുഴ വിളക്കപ്പാടി വീട്ടിൽ ആര്യ സംസ്കൃത സർവകലാശാല മെയിൻ സെന്ററായ കാലടിയിൽ ഗസ്റ്റ് ലക്ചററായിരുന്നു. ഈ അദ്ധ്യയനവർഷമാണ് പന്മനയിൽ നിയമനം ലഭിച്ചത്. ഇക്കാര്യം അറിയിക്കാൻ വിളിച്ചപ്പാേൾ, കാലടിയിലെ ഹിന്ദി വിഭാഗം അദ്ധ്യാപകൻ ഡോ.പി.എച്ച്.ഇബ്രാഹിംകുട്ടിയാണ് രതീഷിനോട് ബിരുദാനന്തര പ്രവേശനത്തിനുള്ള എൻട്രൻസ് എഴുതാൻ പറഞ്ഞത്.
പൂജാരിയിൽ നിന്ന് വേദാന്തത്തിലേക്ക്
2009 മുതൽ പൂജകൾ പഠിച്ചുതുടങ്ങിയ രതീഷ് സംസ്കൃതത്തിൽ ആകൃഷ്ടനായി 2013ൽ വേദാന്തം ബിരുദപഠനത്തിനായി സംസ്കൃത സർവകലാശാലയിൽ ചേരുകയായിരുന്നു. ജൂനിയറായ ആര്യയുമായി സൗഹൃദത്തിലായി. 2019ൽ വിവാഹിതരാവുമ്പോൾ, ആര്യ എം.എ സംസ്കൃത വേദാന്തം അവസാനവർഷ വിദ്യാർത്ഥിയും രതീഷ് എം.ഫിൽ വിദ്യാർത്ഥിയുമായിരുന്നു.
നെറ്റ് സ്വന്തമാക്കിയ ആര്യ കോളേജുകളിൽ ഗസ്റ്റ് അദ്ധ്യാപികയായപ്പോൾ, രതീഷ് ക്ഷേത്രമേൽശാന്തിയായി. ചാലക്കുടി പഴുതേവർ ശിവ-വിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി ജോലി ഉപേക്ഷിച്ചാണ് പന്മനയിൽ വിദ്യാർത്ഥിയായത്. മക്കളായ ആദി തേജസിനും ആദിപഞ്ചാക്ഷരിക്കുമൊപ്പം പന്മനയിലെ വാടക വീട്ടിലാണ് ഗുരുവും ശിഷ്യനും താമസിക്കുന്നത്.