pic

മോസ്‌കോ: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിൽ ഒന്നാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യു.എസ് ഉന്നയിക്കുന്ന വാദങ്ങളുടെ യുക്തി അമ്പരപ്പിക്കുന്നതാണെന്നും ജയശങ്കർ പറഞ്ഞു. മോസ്‌കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവുമായി വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയല്ല,ചൈനയാണ്. റഷ്യൻ എണ്ണയുടെ പേരിൽ ചൈനയ്ക്ക് മേൽ യു.എസ് തീരുവ ചുമത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഇന്ത്യൻ പങ്കാളികളുമായുള്ള സഹകരണം ദൃഢമാക്കാൻ റഷ്യൻ കമ്പനികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുമായി സംയുക്ത ഊർജ്ജ പദ്ധതികൾ നടപ്പാക്കുന്നതിൽ റഷ്യ താത്പര്യം അറിയിച്ചു.

റഷ്യൻ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവിന്റെ ക്ഷണപ്രകാരമാണ് ജയശങ്കർ മോസ്കോയിലെത്തിയത്. മാന്റുറോവുമായും ലവ്റൊവുമായും കൂടിക്കാഴ്ചകൾ നടത്തിയ ജയശങ്കർ ഇന്ത്യ-റഷ്യ ബിസിനസ് ഫോറം അടക്കം യോഗങ്ങളിലും പങ്കെടുത്തു.

കൂടുതൽ എണ്ണ

വാങ്ങുന്നത് ചൈന

1. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ്

2. ഏറ്റവും കൂടുതൽ എൽ.എൻ.ജി വാങ്ങുന്നത് യൂറോപ്യൻ യൂണിയൻ

3. ആഗോള ഊർജ്ജ വിപണി അസ്ഥിരമാകാതിരിക്കാൻ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് അടക്കം എന്തു നടപടിയും സ്വീകരിക്കാമെന്നാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്ക തങ്ങളോട് പറഞ്ഞിരുന്നത്

4. അമേരിക്കയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. അതിന്റെ അളവും കൂട്ടിയിരുന്നു

ഊർജ്ജ സഹകരണം പ്രധാനം

 റഷ്യയുമായി വ്യാപാരത്തിലൂടെയും നിക്ഷേപത്തിലൂടെയും ഊർജ്ജ സഹകരണം നിലനിറുത്തുന്നത് ഇന്ത്യയ്ക്ക് പ്രധാനമാണെന്ന് ജയശങ്കർ വ്യക്തമാക്കി

 സംയുക്ത ഉത്പാദനം,സാങ്കേതികവിദ്യാ കൈമാറ്റം അടക്കം ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് റഷ്യയുടെ പിന്തുണ

 റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയ​റ്റുമതി വർദ്ധിപ്പിക്കും. വളങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു

 കസാനിലും യെകാ​റ്റെ‌റിൻബർഗിലും പുതിയ ഇന്ത്യൻ കോൺസുലേ​റ്റുകൾ തുറക്കുന്നത് വേഗത്തിലാക്കും

 2021ൽ 13 ബില്യൺ ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം 2024-25ൽ 68 ബില്യൺ ഡോളറായി ഉയർന്നു. വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കും

പുട്ടിനെ കണ്ട് ജയശങ്കർ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവുമുള്ള വ്യാപാര ചർച്ചകൾക്ക് പിന്നാലെയാണ് ജയശങ്കർ പുട്ടിനെ കണ്ടത്.