കവയിത്രിയുടെ ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും ഉൾച്ചേർന്ന് സഹൃദയർക്കു ലഭിച്ച അമൂല്യമായ കവിതാ സമാഹാരമാണ് തിരുവനന്തപുരം ക്വാണ്ടിക് ബുക്സ് പ്രസിദ്ധീകരിച്ച ജി. ശ്രീദേവി അമ്മയുടെ 148 കവിതകളുടെ സമാഹാരം. ആത്മപർവം, സാഹിത്യപർവം, സ്‌നേഹപർവം എന്നിങ്ങനെ കവിതകളെ തരംതിരിച്ച്, കൂട്ടത്തിൽ ഏഴു പ്രാർത്ഥനാഗീതങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള അവതരണം സാഹിത്യ കുതുകികൾക്കിടയിൽ ചർച്ചാവിഷയമായി മാറുമെന്ന് തീർച്ച.
പ്രഗത്ഭമതികളായ സാഹിത്യകാരന്മാരുടെ അവതാരികകളും വിലയിരുത്തലുകളും ഉൾപ്പെടുത്തി പുസ്കകത്തിന്റെ പകിട്ട് ഒന്നുകൂടി വർദ്ധിപ്പിച്ചിട്ടുമുണ്ട്. പഴയ കേരളത്തിന്റെ ഗ്രാമീണഭംഗിയും ഉത്സവാഘോഷങ്ങളും ആസ്വദിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അവയ്ക്ക് വന്നുചേർന്നിരിക്കുന്ന മാറ്റം വേദനയോടെ അയവിറക്കുന്ന ഒരു കവയിത്രിയെ രചനയിലുടനീളം കാണാം. ആത്മപർവത്തിൽ 66 കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ സ്വത്വം അന്വേഷിക്കുന്ന ഒരാത്മാന്വേഷിയുടെ കടന്നുവരവാണ് കവിതകളുടെ സ്വഭാവം.
കവിത്വവും അറിവും സ്‌നേഹവും നന്മയും പ്രായാധിക്യത്തിന്റെ വിഹ്വലതകളും ഒത്തുചേർന്ന് ഒരാളിൽ കേന്ദ്രീകൃതമായതിന്റെ പക്വമായ പ്രതിഫലനം ഈ ഭാഗത്ത് ആസ്വാദകന് കണ്ടെത്താനാകും. 'അക്ഷരക്കൂട്ടങ്ങളെ നേദ്യമായൂട്ടിയിരുന്ന" അച്ഛന്റെ ഓർമ്മകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ആ മാധുര്യം ആസ്വാദകർക്ക് അവർ പകർന്നു നൽകുന്നു. സ്വന്തം ജീവിതാനുഭവങ്ങളുടെ അച്ചുതണ്ടിൽ ചുറ്റിക്കറങ്ങുന്ന ഒരു സാധാരണക്കാരിയെങ്കിലും, കവിത ജീവവായുവായി ഉള്ളിൽ തിങ്ങിനിറഞ്ഞൊഴുകുന്ന ഭാവതീവ്രമായ അവസ്ഥാന്തരങ്ങൾ ആരെയും ആ കവിതയിലേക്ക് അടുപ്പിക്കാൻ പര്യാപ്തമാണ്.
തന്റെ ആത്മസഖിയായി കവിതയെ കാണുമ്പോൾ ആ ലയാനുഭൂതിയിൽ സ്വന്തം വേദനകൾ അവർ മറക്കുന്നു; ഒപ്പം വായനക്കാർക്കും അതനുഭവവേദ്യമാക്കുന്നു. സാഹിത്യ വിദ്യാർത്ഥിയായിരിക്കെ കവിയിത്രിക്ക് അന്നത്തെ ഗുരുപ്രവരരായിരുന്നവർ പകർന്നു നൽകിയ അറിവുകൾ അപഗ്രഥിച്ചുകൊണ്ടാണ് സാഹിത്യപർവത്തിലെ 34 കവിതകളുടെ രചന. എഴുത്തച്ഛൻ മുതൽ അടുത്തകാലത്ത് മൺമറഞ്ഞ സാഹിത്യപ്രേമികൾ വരെ ഇതിൽ അണിനിരക്കുന്നുണ്ട്. കവയിത്രിയുടെ സൂക്ഷ്മദർശനപാടവത്തിന് ഉത്തമോദാഹരണങ്ങളാണ് ഇതിലെ ഓരോ കവിതയും.
സ്‌നേഹപർവത്തിൽ അമ്പലപ്പുഴ കൃഷ്ണനോടുള്ള അവാച്യമായ പ്രേമം വ്യക്തമാകുന്നുണ്ട്. ദൈത്യസംഘങ്ങൾ ധരിത്രിയെ ഞെരിച്ചമർത്തുമ്പോഴും കൊലയാളിവർഗം തിമിർക്കുമ്പോഴും പല്ലുഞെരിച്ച് ഈർഷ്യയോടെ നിൽക്കുന്ന ദേവിയുടെ ചിത്രം കാളിയൂട്ടിൽ വർണിക്കുന്നത് എത്ര അഭിനന്ദിച്ചാലും മതിയാവുന്നതല്ല. 'അമ്മയെ സ്‌നേഹിക്കാത്തോരച്ഛനെ സ്‌നേഹിക്കുവാൻ യൗവനം വീണ്ടും നൽകി അമ്മയെ കരയിക്കുവാനിമ്മകൻ തയ്യാറല്ല" (ദേവയാനിയും മകനും) എന്ന ശ്രീദേവിയമ്മയുടെ പ്രഖ്യാപനം ഇക്കാലത്തെ ഒരുപാടുപേരുടെ മനസിൽ തറയ്ക്കുന്നതാണ്. തന്റെ മനസ് ദുർബലമാണെന്നും സ്‌നേഹഹീനം അതിനെ മുറിപ്പെടുത്തരുതെന്നും സഹൃദയരോട് കവിതയിലൂടെ (ആത്മദുഃഖം) അവർ പറയുന്നുണ്ട്.
ആത്മാവിൽ നിന്നൂറിവരുന്ന മുത്തുകൾകൊണ്ട് ഒരു ഭാവത്തെ വർണാഭമാക്കി മാറ്റാൻ ശ്രീദേവി അമ്മയുടെ കവിത്വത്തിനു സാധിച്ചിട്ടുണ്ട്. മിക്ക കവിതകളും വായിക്കുമ്പോൾ ഇനിയും ആസ്വദിക്കാനിഷ്ടപ്പെടുന്ന കാവ്യസന്ദർഭങ്ങൾ ഇതിലവസാനിക്കരുതേ എന്നാശിച്ചുപോകും. മലയാള കവിതാശാഖയ്ക്ക് മുതൽക്കൂട്ടായി ഈ സമാഹാരം നിലനിൽക്കുകതന്നെ ചെയ്യും.