sexting

സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നതും അഴിക്കുള്ളിലാകാന്‍ സാദ്ധ്യതയുള്ള കുറ്റകൃത്യങ്ങളാണ്. വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഉപയോഗിക്കുന്ന യുവതികള്‍ക്ക് അപരിചിതരില്‍ നിന്ന് പോലും അശ്ലീല സന്ദേശമെത്തുന്നത് ഇന്ന് സര്‍വ സാധാരണമായ ഒരു സംഭവമാണ്. ചിലര്‍ ഇത്തരം 'ഞരമ്പ്' രോഗികളെ അവഗണിക്കും, മറ്റ് ചിലര്‍ ബ്ലോക് ചെയ്ത് രക്ഷപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം സ്‌ക്രീന്‍ഷോട്ടുകള്‍ പരസ്യമായി പങ്കുവച്ചാണ് പാഠം പഠിപ്പിക്കുന്നത്.

എന്നാല്‍ വളരെ ചുരുക്കം യുവതികള്‍ മാത്രമാണ് ഇത്തരം സൈബര്‍ ഞരമ്പന്‍മാര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വരാറുള്ളത്. ദിവസേന നിരവധിപേര്‍ ഇത്തരത്തില്‍ സന്ദേശമയക്കുമ്പോള്‍ അതിന് പിന്നാലെ പോയാല്‍ ജീവിതത്തില്‍ മറ്റൊന്നിനും സമയം കിട്ടില്ലെന്ന അവസ്ഥ നേരിടുന്ന യുവതികളും നമ്മുടെ നാട്ടില്‍ നിരവധിയാണ്. എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള സെക്‌സ് ചാറ്റുകളും ഇന്ന് മുതിര്‍ന്നവര്‍ക്കിടയില്‍ പോലും വ്യാപകമാണ്. ഇതും നിയമപരമായി കുറ്റകരമാണെന്നാണ് വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്ന അഭിപ്രായം.

ലൈംഗിക ഉള്ളടക്കം പരസ്പര സമ്മതത്തോടെ പങ്കുവച്ചാലും ഇതിന് പ്രത്യാഘാതങ്ങളുണ്ട്. സെക്സ്റ്റിംഗ് (സെക്‌സ്ചാറ്റുകള്‍) നടത്തുമ്പോള്‍ പരസ്പരം നഗ്ന ചിത്രങ്ങള്‍, വീഡിയോകള്‍ ഉള്‍പ്പെടെ പങ്കാളികള്‍ കൈമാറാറുണ്ട്. ഇതിന് പിന്നില്‍ വലിയ അപകടമാണ് പതിയിരിക്കുന്നത്. സ്വന്തം ചിത്രങ്ങളോ മറ്റൊരാളുടെ ചിത്രങ്ങളോ ഇത്തരത്തില്‍ പങ്കുവയ്ക്കുന്നതും സെക്റ്റിംഗില്‍ ഉള്‍പ്പെടുന്നു. പങ്കാളിയോടുള്ള വിശ്വാസത്തിന്റെ പേരില്‍ സ്വന്തം നഗ്ന ചിത്രങ്ങള്‍ അയച്ച് കൊടുക്കുമ്പോള്‍ ഇത് വ്യാപകമായി പ്രചരിക്കാനുള്ള സാദ്ധ്യത കൂടി മുന്നില്‍ക്കണ്ടിരിക്കണം.

ഒരാളില്‍ സമ്മര്‍ദ്ദം ചെലുത്തിയും നിര്‍ബന്ധിച്ചും സെക്‌സ് ചാറ്റിംഗിനായി ഉപയോഗിക്കുന്നത് കുറ്റകരമാണ്. നിയമപരമായ അപകടസാധ്യതകളും ഇതിനുണ്ട്. ഉദാഹരണത്തിന്, ഒരാളുടെ ലൈംഗിക ചുവയുള്ള ചിത്രങ്ങളോ വീഡിയോകളോ അവരുടെ സമ്മതമില്ലാതെ പങ്കുവയ്ക്കുന്ന 'റിവഞ്ച് പോണ്‍' എന്നത് ഗുരുതരമായ കുറ്റമാണ്. റിവഞ്ച് പോണിന് വിധേയരാകുന്നത് പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ കുറ്റകൃത്യം കൂടുതല്‍ ഗൗരവമുള്ളതായി മാറും.