pic

ടെൽ അവീവ്: ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങിയെന്ന് ഇസ്രയേൽ സൈന്യം. ഗാസ സിറ്റിയുടെ പല ഭാഗങ്ങളിലും ബോംബാക്രമണങ്ങൾ ശക്തമായതോടെ ജനങ്ങൾ തെക്കൻ ഗാസ ലക്ഷ്യമാക്കി പലായനം ആരംഭിച്ചു. അന്താരാഷ്ട്ര വിമർശനങ്ങൾ മറികടന്ന് ആക്രമണ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകാനുള്ള നീക്കത്തിലാണ് ഇസ്രയേൽ. ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമായി ഖത്തറും ഈജിപ്റ്റും ആവിഷ്കരിച്ച നിർദ്ദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, ഗാസയിലെ പട്ടിണി മരണം 271 ആയി. ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ 41 പേർ കൂടി കൊല്ലപ്പെട്ടതോടെ യുദ്ധത്തിനിടെ ജീവൻ നഷ്ടമായ പാലസ്തീനികളുടെ എണ്ണം 62,190 കടന്നു.