bank

ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ അറിയിപ്പുമായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി. പത്ത് വര്‍ഷം പൂര്‍ത്തിയായ ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും കെവൈസി അപ്‌ഡേറ്റ് ചെയ്യണമെന്നാണ് അറിയിപ്പ്. ഇക്കാര്യം ചെയ്യാന്‍ വിട്ട് പോയാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക് ആകുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് അക്കൗണ്ട് ഉടമകളെ കാത്തിരിക്കുന്നത്. ഒരു രൂപ പോലും അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയില്ല. കേരളത്തില്‍ ഇത്തരത്തില്‍ കെവൈസി പുതുക്കേണ്ട 57 ലക്ഷം ബാങ്ക് അക്കൗണ്ടുകളുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് മൊത്തം ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരും കെവൈസി പുതുക്കാനുള്ളവയുടെ കണക്ക്. കെ.വൈ.സി പുതുക്കാത്തതിന്റെ പേരില്‍ ഇതിനോടകം ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എല്‍.ബി.സി ) കണ്‍വീനര്‍ കെ.എസ് പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

2014 - 15 കാലയളവില്‍ വിവിധ സബ്‌സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി സീറോ ബാലന്‍സ് സ്വഭാവത്തില്‍ എടുത്തിട്ടുള്ള പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളാണ് കെ.വൈ.എസി പുതുക്കലിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത്. കാലാവധി കഴിഞ്ഞ 57 ലക്ഷം അക്കൗണ്ടുകളില്‍ 90 ശതമാനവും ഈ ഇനത്തിലുള്ളവയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്‌സിഡിയായി എത്തുന്ന തുകയടക്കം പിന്‍വലിക്കാനാകാത്ത സാഹചര്യമുണ്ടാകും. ചെക്കുകളുള്ള അക്കൗണ്ടുകളില്‍ ചെക് മടങ്ങുന്നതിനും ഇടയാകും.


കെവൈസി പുതുക്കാന്‍: ബാങ്കിലെത്തി ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നല്‍കിയാണ് കെ.വൈ.സി പുതുക്കേണ്ടത്. കെ.വൈ.സി കാര്യത്തില്‍ അക്കൗണ്ടുടമകളെ ബോധവത്കരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രദീപ് പറഞ്ഞു.