ന്യൂഡൽഹി: ഇന്ത്യയ്ക്ക് മേൽ യു.എസ് ചുമത്തിയ ഉയർന്ന ഇറക്കുമതി തീരുവയ്ക്കെതിരെ ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷൂ ഫെയ്‌ഹോങ്ങ് രംഗത്ത്. നടപടിയെ ചൈന ശക്തമായ എതിർക്കുന്നതായും ഇന്ത്യയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നു എന്നും ഷൂ പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനീസ് വിപണിയിലേക്ക് ഷൂ സ്വാഗതം ചെയ്തു. 'യു.എസ് ഇന്ത്യയ്ക്ക് 50 ശതമാനം വരെ തീരുവ ചുമത്തി. ഇനിയും ചുമത്തുമെന്നാണ് ഭീഷണി. ചൈന ഇതിനെ ശക്തമായി എതിർക്കുന്നു. നിശബ്ദത, ഭീഷണിപ്പെടുത്തുന്നവരെ ബലപ്പെടുത്തും. ചൈന ഇന്ത്യയ്ക്കൊപ്പം ഉറച്ചുനിൽക്കും. ഇന്ത്യ-ചൈന സൗഹൃദം ഏഷ്യക്ക് ഗുണം ചെയ്യും. ഇന്ത്യയും ചൈനയും പരസ്പര വിശ്വാസം വർദ്ധിപ്പിക്കണം. ഇന്ത്യ ചൈനയുടെ പങ്കാളിയാണ്. എതിരാളിയല്ല. ഇരുരാജ്യങ്ങൾക്കുമിടെയിലെ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണം" - ഷൂ വ്യക്തമാക്കി.