madhav-suresh

തിരുവനന്തപുരം: വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവുമായി ത‌ർക്കം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കെപിസിസി അംഗം വിനോദ് കൃഷ്‌ണയുമായാണ് മാധവ് തർക്കത്തിലേ‌ർപ്പെട്ടത്. ശാസ്‌തമംഗലത്ത് നടുറോഡിൽ 15 മിനിട്ടോളമാണ് ഇരുവരും തമ്മിൽ തർക്കിച്ചത്.

ശാസ്‌തമംഗലത്ത് നിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് പോവുകയായിരുന്നു മാധവ്. എതിർ ദിശയിൽ വരികയായിരുന്നു വിനോദ്. യു ടേൺ തിരിയുന്നതിനിടെ വാഹനങ്ങൾ നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് നടുറോഡിൽ വാഹനം നിർത്തിയിട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. റോഡരികിലുണ്ടായിരുന്നവരെല്ലാം സ്ഥലത്ത് കൂടി. ശേഷം, വിനോദ് കൃഷ്‌ണ വിവരമറിയിച്ചതിനെത്തുടർന്ന് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി.

മാധവ് മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും തനിക്ക് പരാതിയുണ്ടെന്നും വിനോദ് പൊലീസിനോട് പറഞ്ഞു. ഇതോടെ മാധവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ സ്റ്റേഷനിലെത്തിച്ചു. ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചു. ഇതിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. പിന്നീട് സ്റ്റേഷനിൽ വച്ചുതന്നെ ഇവരുവരും സംസാരിക്കുകയും കേസില്ല എന്നുപറഞ്ഞ് പരസ്‌പര ധാരണയിൽ പിരിയുകയുമായിരുന്നു.