lovely-babu

ഭാഗ്യദേവത, തന്മാത്ര, പ്രണയം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലൗലി ബാബു. പത്തനാപുരത്തെ ഗാന്ധിഭവനിലാണ് നടിയിപ്പോൾ. തൊണ്ണൂറ്റിരണ്ട്‌ വയസുള്ള അമ്മയെ ഉപേക്ഷിക്കാൻ ഭർത്താവ് പറഞ്ഞെന്നും അതിനാൽ അമ്മയേയും കൂട്ടി ഗാന്ധിഭവനിലേക്ക് വരികയായിരുന്നുവെന്നും നടി വ്യക്തമാക്കി.

ലൗലി ബാബുവിന്റെ വാക്കുകൾ

'ദ ഗിഫ്റ്റ് ഒഫ് ഗോഡ്' എന്ന സിനിമയാണ് ആദ്യം ചെയ്തത്. ഭാഗ്യദേവത, തന്മാത്ര, പ്രണയം, നാല് പെണ്ണുങ്ങൾ, പുതിയ മുഖം, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

എന്റെ അമ്മയ്ക്ക് തൊണ്ണൂറ്റി രണ്ട് വയസുണ്ട്. കാലം മാറിയപ്പോൾ മക്കൾ മാറി. അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളൂ അവസാനം എന്റെ ഭർത്താവും പറഞ്ഞു, ഇത് വല്യ ബുദ്ധിമുട്ടാണ്, ഇതിനെ എവിടെയെങ്കിലും കൊണ്ടാക്കണമെന്ന്. ആണും പെണ്ണുമായിട്ട് ഒറ്റമോളാണ് ഞാൻ. അമ്മയ്ക്ക് പ്രതീക്ഷയുണ്ടാകില്ലേ. ഭർത്താവൊക്കെ അങ്ങനെ പറഞ്ഞത് എനിക്ക് ഭയങ്കര സങ്കടമുള്ള സംഭവമാണ്. അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് അന്നുതൊട്ടേ ആഗ്രഹിക്കുന്നുണ്ട്.

പക്ഷേ അങ്ങനെ പോയാൽ അമ്മ ഒറ്റപ്പെട്ടുപോകും. അമ്മയ്ക്ക് മാനസികമായി അസുഖമുണ്ടാകും. ഞാനും കൂടെ പോയാൽ അമ്മയ്ക്ക് സന്തോഷമുണ്ടാകുമെന്ന് ഞാൻ ആലോചിച്ചു. നമുക്കെവിടെയെങ്കിലും പോകാമെന്ന് പറഞ്ഞപ്പോൾ, നീ എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ എവിടെ വേണമെങ്കിലും വന്നോളാമെന്ന് പറഞ്ഞു.

മക്കൾ രണ്ടുപേരും ഒരു ദിവസം ഇവിടെ വന്നു. അമ്മയെ കാണാതെ പോയി. മക്കളെ വളർത്തി, അവരുടെ കൊച്ചുമക്കളെയും പൊന്നുപോലെ നോക്കി. ആ മക്കൾ ഇവിടെ വന്നിട്ട് കാണാതെ പോയത് എനിക്ക് സഹിക്കാൻ പറ്റിയില്ല. അവരെന്തിയേ എന്ന് അമ്മ ചോദിച്ചു. ഇപ്പോൾ വരുമെന്ന് ഞാൻ പറഞ്ഞു. വൈകുന്നേരം വരെ അമ്മ അവരെ നോക്കിയിരുന്നു. അവർ വന്നില്ല.

ഇതൊരു അവസ്ഥയാണ്, വാർദ്ധക്യം. അമ്മയെ നോക്കാൻ ഞാനുണ്ട്. എന്നെ നോക്കാൻ ആരുണ്ടാകുമെന്ന് ചോദിക്കുമ്പോൾ ഗാന്ധിഭവൻ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഞാൻ ഇപ്പോൾ.

View this post on Instagram

A post shared by Amal Gandhibhavan (@amalgandhibhavan)