സസ്‌തനികളിൽ 90 ശതമാനവും നാലുകാലുകളിലാണ് നടക്കാറ്. ചിമ്പാൻസി, ബൊണോബൊ, ഓറാംഗ് ഊട്ടാൻ, ഗൊറില്ല തുടങ്ങി ഗ്രേറ്റ് ഏപ്‌സ് എന്ന വിഭാഗത്തിൽ പെടുന്ന മൃഗങ്ങൾ ഭൂരിഭാഗവും നാലുകാലുകളിൽ നടക്കുകയും മരച്ചില്ലകളിലൂടെ സവാരിക്ക് ഇരുകാലുകളും ഉപയോഗിക്കുകയും ചെയ്യും. നമ്മൾ മനുഷ്യർ മാത്രമാണ് ഇരുകാലുകളും കൊണ്ട് നടക്കുന്നത്. മനുഷ്യർ എവിടെനിന്നാണ് ഈ ഇരുകാൽ നടത്തം ശീലിച്ചത് എന്നുള്ള ഗവേഷണത്തിന് മറുപടി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. ജർമ്മനിയിലെ മാക്‌സ് പ്ളാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എവല്യൂഷണറി ആന്ത്രോപോളജിയിലെ ഗവേഷകർ കണ്ടെത്തിയതനുസരിച്ച് ടാൻസാനിയയിൽ ഇസ വാലിയിലുള്ള ചിമ്പാൻസികളിൽ നടത്തിയ പഠനം അതിനവരെ സഹായിച്ചു. ചിമ്പാൻസിയിൽ നടത്തിയ പഠനം അനുസരിച്ച് മനുഷ്യർ രണ്ടുകാലുകൾ മാത്രമുപയോഗിച്ച് നടക്കാൻ തുടങ്ങിയതെന്നെന്ന് വ്യക്തമായിരിക്കുകയാണ്.
ഇസാ വാലി ചിമ്പാൻസികൾ വരണ്ട, തുറന്ന കാടുകളിലാണ് കഴിയുന്നത്. ഇന്നത്തെ മനുഷ്യരുടെ പൂർവികരായ ആദിമ വിഭാഗവും മറ്റ് സ്‌പീഷീസുകളും ഇത്തരം സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ചിമ്പാൻസികൾ കഴിയുന്ന ഈ പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയുണ്ടാകുമ്പോൾ തീപിടിത്തം സ്ഥിരമായിരുന്നു. ഇവ ഇസാ വാലിയിൽ മരങ്ങളിലാണ് ഭൂരിഭാഗം സമയവും കഴിഞ്ഞിരുന്നത്. കായ്‌കനികൾ ആണ് ഇവയുടെ പ്രധാന ഭക്ഷണം. ഏറെ വലുപ്പമുള്ള ചിമ്പാൻസികൾ പക്ഷെ മരത്തിൽ മറ്റ് കുരങ്ങുകളെപ്പോലെ നടന്നാൽ ചില്ലകൾക്ക് അത് താങ്ങാനാകില്ല. ഇവിടെയാണ് മനുഷ്യന്റെ നടത്തവുമായി ബന്ധപ്പെട്ട ഒരു സ്വഭാവം ചിമ്പാൻസിയിലും കാണുന്നത്. ഇവ മരച്ചില്ലകളിലൂടെ ഇരുകാലുകളും കൊണ്ട് മാത്രം നടക്കും. ബാലൻസ് നഷ്‌ടപ്പെടുമ്പോൾ നമ്മൾ അടുത്തുള്ള വസ്‌തുക്കളിൽ കൈകൊണ്ട് പിടിക്കും പോലെ ഇവയും മരച്ചില്ലയിൽ കൈകൊണ്ട് പിടിക്കും.
അതിജീവനത്തിന്റെ ഭാഗമായി മനുഷ്യന്റെ പൂർവികരും ഇത്തരത്തിൽ മരങ്ങളിൽ നടക്കുകയും പിന്നീട് ഭൂമിയിലിറങ്ങി ഇത്തരത്തിൽ നടന്ന് ഇന്ന് കാണുംപോലെ ആധുനിക മനുഷ്യനായി മാറുകയും ചെയ്‌തു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നാല് മുതൽ ഏഴ് മില്യൺ വർഷങ്ങൾക്ക് മുൻപാണ് മനുഷ്യർ രണ്ട് കാലിൽ നടക്കുന്നത് പതിവാക്കിയത് എന്നാണ് കരുതപ്പെടുന്നത് . എന്നാൽ ഇക്കാലത്തെ ഫോസിലുകളൊന്നും ലഭ്യമായിട്ടില്ല.
23 മുതൽ 5.3 മില്യൺ വർഷങ്ങൾക്ക് മുൻപുള്ള ഫോസിലുകളിൽ ചിലതിലെ തെളിവുകളനുസരിച്ച് വംശനാശം സംഭവിച്ച മനുഷ്യസമാനമായ വംശങ്ങളിലെ ചിലവ തുറസായ സ്ഥലത്തിനൊപ്പം മരങ്ങളിലും ആഹാരം തേടിയിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ആധുനിക മനുഷ്യർ സൈക്കിളോടിക്കും പോലെ ഭൂമിയിലും മരങ്ങളിലും സഞ്ചരിക്കാൻ പ്രത്യേക ബാലൻസ് സിദ്ധിച്ചിരിക്കും എന്നാണ് പഠനസംഘത്തിലെ ഡ്രംമ്മൻഡ് ക്ളാർക്ക് വ്യക്തമാക്കുന്നത്. പിന്നീട് ഭക്ഷണത്തിനും സുരക്ഷയ്‌ക്കും മറ്റ് തുറസായ സ്ഥലങ്ങളിലെത്തേണ്ടി വന്നപ്പോഴാകാം ഇരുകാലിൽ കൂടുതൽ നടന്നുതുടങ്ങിയതെന്നും അവർ കരുതുന്നു.