sfi

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫീസിലേക്ക് വെള്ളിയാഴ്ച എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. രാഹുൽ മാങ്കൂട്ടത്തി‌ൽ എം.എൽ.എ സ്ഥാനം രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ 200 ഓളം എസ്.എഫ്.ഐ പ്രവർത്തകർ പങ്കെടുത്തു. തുടർച്ചയായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതികളുമായി സ്ത്രീകൾ മുന്നോട്ട് വന്നതോടെയാണ് രാഹുൽ എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ പ്രതിഷേധിച്ചത്.

എം.എൽ.എ ഓഫീസിലേക്കുള്ള വഴിയിൽ പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചവർക്കുനേരെ ജലപീരങ്കിപ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ അതും മറികടന്ന് എം.എൽ.എ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അശ്ലീല സന്ദേശമയക്കൽ, ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കൽ, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങി നിരവധി ആരോപണങ്ങളാണ് രാഹുലിന് നേരെ ഉയരുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെയുള്ളവ പലരും പുറത്ത് വിട്ടിരുന്നു. ആരോപണങ്ങളിൽ പിടിച്ചുനിൽക്കാനാകാതെ വ്യാഴാഴ്‌ച യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചിരുന്നു.

പരാതിയുമായി യുവതികൾ മുന്നോട്ട് വന്നാൽ പൂർണ്ണ പിന്തുണ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. യുവനടി റിനി ആൻ ജോർജ് കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കേരളത്തിലെ ഒരു പ്രമുഖനായ യുവ രാഷ്ട്രീയ നേതാവിൽ നിന്നും തനിക്ക് നേരിട്ട മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞതിൽ നിന്നാണ് വിവാദങ്ങൾക്ക് തിരിതെളിയുന്നത്.