തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അദ്ധ്യക്ഷനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷം. തങ്ങളുടെ നോമിനികളുടെ കാര്യത്തില്‍ പ്രധാന നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.
അതേസമയം, യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം, അബിന്‍ വര്‍ക്കിക്കെതിരെ ആരോപണങ്ങൾ ഉയർത്തുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അബിന്‍ വര്‍ക്കി പിന്നില്‍ നിന്ന് കുത്തി എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍, സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കുന്നതിലുള്ള വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
സംസ്ഥാന കമ്മിറ്റി ഗ്രൂപ്പില്‍ ഉള്‍പ്പെടെ അബിന്‍ വര്‍ക്കിക്കെതിരായ പോസ്റ്റുകൾ വരുന്നുണ്ട്. ഇതിന് പിന്നില്‍ രാഹുല്‍ അനുകൂലികള്‍ ആണെന്നാണ് വിവരം. ബിനു ചുള്ളിയിലിനെ സംസ്ഥാന അദ്ധ്യക്ഷനാക്കാനുള്ള കെസി വേണുഗോപാലിന്റെ നീക്കത്തിനും എതിര്‍പ്പുണ്ട്. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭാരവാഹികളായവരുടെ തലപ്പത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബിനു ചുള്ളിയിലിനെ നിയമിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
കെഎം അഭിജിത്തിനെ നിയമിക്കാനുള്ള തീരുമാനത്തിനെയും ഇതേരീതിയിലാണ് പ്രതിരോധിക്കുന്നത്. തര്‍ക്കം ശക്തമായതോടെ ജെഎസ് അഖിൽ അടക്കമുള്ള പേരുകളും ചില നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനിടെ ഒരു വനിതയെ സംസ്ഥാന അദ്ധ്യക്ഷയാക്കി ഇപ്പോഴുള്ള നാണക്കേട് പരിഹരിക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയര്‍ന്നിട്ടുണ്ട്.