പത്തനംതിട്ട: വാർത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ച രാഹുൽ മാങ്കൂട്ടത്തിൽ അവസാന നിമിഷം അതിൽ നിന്ന് പിന്മാറി. കൂടുതൽ വിശദീകരണത്തിനില്ലെന്ന് രാഹുൽ അറിയിച്ചതായാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കൾ ഇടപെട്ടതോടെയാണ് വാർത്താസമ്മേളനം റദ്ദാക്കിയതെന്നാണ് അറിയുന്നത്.
ഗർഭഛിദ്രത്തിന് യുവതിയെ നിർബന്ധിക്കുന്നതും അശ്ലീലം വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിപ്പുവന്നത്. എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജിപ്രഖ്യാപിക്കാനാണ് വാർത്താ സമ്മേളനം എന്ന പ്രചാരണവുമുണ്ടായി. എന്നാൽ, മാദ്ധ്യമപ്രവർത്തകർ വീടിനുമുന്നിൽ എത്തി അല്പം കഴിഞ്ഞതോടെയാണ് വാർത്താസമ്മേളനം റദ്ദാക്കുന്ന വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നാണ് റിപ്പോർട്ട്. കടുത്ത നടപടി ഉണ്ടാകുമെന്ന് അദ്ദേഹം രാവിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന അവസരത്തിൽ രാഹുൽ രാജിവച്ചൊഴിഞ്ഞാൽ അത് കോൺഗ്രസിനും യുഡിഎഫിനും ക്ലീൻ ഇമേജുണ്ടാക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. എൽഡിഎഫിലെ ആരോപണ വിധേയർ രാജിവയ്ക്കാതിരിക്കുന്ന സന്ദർഭത്തിൽ ഇത് പാർട്ടിക്ക് ബോണസ് മാർക്ക് നൽകും എന്നും അവർ കണക്ക് കൂട്ടുന്നുണ്ട്. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും രാഹുൽ രാജിവയ്ക്കണമെന്ന നിലപാടിലാണ് എന്നാണ് റിപ്പോർട്ട്.
വാർത്താസമ്മേളനത്തിൽ ഷാഫി പറമ്പിൽ എം പി രാഹുലിന് സംരക്ഷണം തീർക്കുന്ന നിലപാടെടുത്തത് നേതാക്കളിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യം നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും ഉയരുന്നുണ്ട്.