തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ തുടർച്ചയായി മൂന്നു ദിവസം ശുദ്ധജലം മുടങ്ങിയതിനെത്തുടർന്ന് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് അന്വേഷണത്തിന് ചുമതല നൽകിയിരിക്കുന്നത്. ജല അതോറിറ്റിയോട് കുടിവെള്ള വിതരണം പഴയപടി പുനഃസ്ഥാപിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ ആശുപത്രി സന്ദർശിച്ച് റിപ്പോർട്ട് എത്രയും വേഗം കമ്മിഷനിൽ സമർപ്പിക്കണം.
ആശുപത്രിയിൽ സംഭരിക്കാൻ കഴിയുന്ന കുടിവെള്ളത്തിന്റെ വിശദാംശങ്ങൾ ഡി.എം.ഒ യും ആശുപത്രി സൂപ്രണ്ട് സമർപ്പിക്കണം. സെപ്തംബർ 11ന് രാവിലെ 10ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ അസി.എക്സിക്യൂട്ടിവ് എഞ്ചിനീയറും ഡി.എം ഒ യുടെയും ആശുപത്രി സുപ്രണ്ടിന്റെയും പ്രതിനിധികളും ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.