തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ഓണം ബോണസ് പ്രഖ്യാപിച്ചത്. ഇക്കുറി റെക്കാഡ് ബോണസാണ് ബെവ്കോയിൽ അനുവദിച്ചിരിക്കുന്നത്. . പെർഫോമൻസ് അലവൻസും ബോണസും ചേർത്ത് 1,02,500 രൂപ. സ്ഥിരം ജീവനക്കാരായ 4000ത്തിലധികം പേർക്കാണ് ഇതു ലഭിക്കുക. 20000 കോടി വിറ്റുവരവുള്ള ബെവ്കോയ്ക്ക് ലാഭമുണ്ടാക്കി കൊടുക്കുന്ന ജീവനക്കാർക്ക് പ്രചോദനം എന്ന നിലയ്ക്കാണ് മികച്ച ബോണസ് നൽകുന്നതെന്ന് ബെവ്കോ സി.എം.ഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ പരിപാടിയിലായിരുന്നു ഹർഷിത അട്ടല്ലൂരി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് കൂടുതൽ പ്രീമിയം ഷോപ്പുകൾ തുടങ്ങാനും ബെവ്കോയ്ക്ക് പദ്ധതിയുണ്ട്. ബെവ്കോയുടെ പ്രതിച്ഛായ മാറ്റാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്നും അവർ പറഞ്ഞു. . ഇതിന്റെ ഭാഗമായി തൃശൂരിൽ മാൾ മാതൃകയിൽ പ്രീമിയം കൗണ്ടർ തുടങ്ങുന്നു. കൂടാതെ സെപ്തംബറിൽ കോഴിക്കോട് ഗോകുലം മാളിൽ ഒരു പ്രീമിയം കൗണ്ടർ ഉദ്ഘാടനത്തിനൊരുങ്ങുന്നതായും ഹർഷിത അട്ടല്ലൂരി അറി.യിച്ചു.
സംസ്ഥാനത്ത് വിൽക്കുന്ന മദ്യത്തിന്റെ കണക്കുകളെ കുറിച്ചും അവർ വ്യക്തമാക്കി. തെക്കൻ ജില്ലകളിൽ ഏറ്റവും അധികം വിൽക്കുന്നത് റം ആണെന്നും വടക്കോട്ടുള്ളവർക്ക് ഇഷ്ടം ബ്രാൻഡിയാണെന്നും ബെവ്കോ എം.ഡി പറഞ്ഞു. എന്നാൽ വിസ്കിക്ക് കേരളത്തിൽ അത്ര പ്രിയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.