ആലപ്പുഴ: തോട്ടപ്പള്ളിയിൽ 62കാരിയുടെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികൾ പിടിയിലായതോടെ, പൊലീസിനെതിരെ കഴിഞ്ഞ ദിവസം അറസ്റ്റിലായ 60കാരൻ അബൂബക്കറിന്റെ കുടുംബം. ആളുമാറി പ്രതിയാക്കിയതിൽ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കള്ളക്കേസിൽ കുടുക്കിയെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കാൻ പൊലീസ് ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. കുറ്റം ചെയ്യാത്ത അബൂബക്കറിനെ ജയിൽ മോചിതനാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
തോട്ടപ്പള്ളിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 62കാരിയുടെ കൊലപാതകത്തിൽ പല്ലന സ്വദേശിയും കരുനാഗപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന സൈനുലാബ്ദീൻ (കൊച്ചുമോൻ, 44), ഭാര്യ അനീഷ (38) എന്നിവരെയാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സൈനുലാബ്ദീന്റെ മൂന്നാം ഭാര്യയാണ് അനീഷ. വൃദ്ധയുടെ മോഷണം പോയ മൊബൈൽ ഫോൺ ഇവരിൽ നിന്ന് കണ്ടെടുത്തതാണ് വഴിത്തിരിവായത്.
മുമ്പ് വൃദ്ധയുടെ വീടിനു സമീപം സൈനുലാബ്ദീൻ വാടകയ്ക്ക് താമസിച്ചിരുന്നു. അവർ ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ മോഷണം എളുപ്പമാകുമെന്ന് കരുതി. 16ന് രാത്രി ഭാര്യ അനീഷയോടെപ്പം മോഷണത്തിനെത്തി. ഇരുവരും മദ്യപിച്ചിരുന്നു. വാതിൽ ചവിട്ടിത്തുറന്ന് കയറിയെങ്കിലും സ്വർണമോ വിലപിടിപ്പുള്ള സാധനങ്ങളോ ലഭിച്ചില്ല. ഫോൺ മാത്രം എടുത്തു. ഇരുവരെയും വൃദ്ധ കണ്ടതോടെ സൈനുലാബ്ദീൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 17നാണ് കൊലപാതകം പുറത്തറിഞ്ഞത്. സ്വിച്ച് ഓഫായ ഫോൺ വെള്ളിയാഴ്ച കരുനാഗപ്പള്ളി ടവർ ലൊക്കേഷനിൽ പ്രവർത്തന സജ്ജമായി. തുടർന്നാണ് പിടിയിലായത്.
അബൂബക്കറിന് കൊലക്കുറ്റം ഇല്ല
കഴിഞ്ഞ ദിവസം പിടികൂടിയ അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിന് (68) കൊലപാതകവുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്‌ത്രീയുമായി ദീർഘകാലത്തെ ബന്ധമുണ്ടായിരുന്ന അബൂബക്കർ സംഭവദിവസം കൊലപാതകം നടക്കുന്നതിനു മുമ്പേ ഇവരുടെ വീട്ടിലുണ്ടായിരുന്നു. പീഡനത്തിനിരയായതായി പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചതായി പൊലീസ് പറഞ്ഞു. കടുത്ത ആസ്ത്മാരോഗിയായ വൃദ്ധ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മരിച്ചതായിരിക്കുമെന്ന് കരുതിയ അബൂബക്കർ ചോദ്യം ചെയ്യലിൽ പൊലീസിനോട് കുറ്റം സമ്മതിച്ചു. അബൂബക്കറിനെതിരെ ചുമത്തിയ കൊലപാതകക്കുറ്റം ഒഴിവാക്കും. എന്നാൽ പീഡനക്കുറ്റമുൾപ്പെടെ നിലനിൽക്കുമെന്നാണ് പൊലീസ് അറിയിച്ചത്.