തപാൽ വകുപ്പിന്റെ കീഴിൽ നിരവധി നിക്ഷേപപദ്ധതികൾ നമുക്കായി സർക്കാർ ഒരുക്കിയിട്ടുണ്ട്. പോസ്റ്റോഫീസ് റെക്കറിംഗ് ഫണ്ട്, പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി തുടങ്ങിയവ അവയിൽ ചിലതുമാത്രമാണ്. എന്നാൽ അത്തരത്തിൽ ചെറിയ നിക്ഷേപത്തിലൂടെ മികച്ച വരുമാനം നേടിയെടുക്കാൻ കഴിയുന്ന മറ്റൊരു പദ്ധതി കൂടിയുണ്ട്. ഗ്രാമ സുരക്ഷാ യോജനയാണ് പദ്ധതി. രാജ്യത്തുടനീളമുളള ഗ്രാമപ്രദേശങ്ങളിലും സെമി അർബൻ പ്രദേശങ്ങളിലുമുളള നിക്ഷേപകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്.
തപാൽ വകുപ്പിന്റെ റൂറൽ പോസ്റ്റ് ലൈഫ് ഇൻഷുറൻസിന്റെ (ആർപിഎൽഐ) കീഴിൽ പ്രവർത്തിക്കുന്ന ഒരു ഇൻഷുറൻസ് കം ഇൻവെസ്റ്റ്മെന്റ് പദ്ധതിയാണിത്. 80 വയസുവരെ നിക്ഷേപം നടത്താം. എത്ര ചെറിയ വരുമാനമുളളവർക്കും ഈ പദ്ധതിയിൽ ചേരാം. 19നും 55നും ഇടയിൽ പ്രായമുളള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയിൽ ചേരാൻ അവസരമുണ്ട്.
ഗ്രാമ സുരക്ഷാ യോജനയിൽ എല്ലാ ദിവസവും 50 രൂപ നിക്ഷേപിക്കണം. അല്ലെങ്കിൽ പ്രതിമാസം 1500 രൂപ നിക്ഷേപിച്ചാലും മതിയാകും. ഇത്തരത്തിൽ നിങ്ങളുടെ ആകെ നിക്ഷേപം 31 ലക്ഷം മുതൽ 35 ലക്ഷം വരെയാകും. പദ്ധതിയിലൂടെ നിങ്ങൾ കുറഞ്ഞത് 10,000 രൂപയുടെയും പരമാവധി പത്ത് ലക്ഷത്തിന്റെയും ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾക്ക് മാസംതോറുമോ അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കലോ ആറ് മാസത്തിലൊരിക്കലോ വാർഷികാടിസ്ഥാനത്തിലോ പ്രീമിയം അടയ്ക്കാം.
നാല് വർഷത്തെ പ്രീമിയം വരെ അടച്ചാൽ നിക്ഷേപകർക്ക് വായ്പാ സൗകര്യവും ലഭിക്കും. പദ്ധതിയുടെ കാലയളവിൽ പോളിസി ഉടമ മരിച്ചാൽ നോമിനിക്ക് മുഴുവൻ തുകയും ബോണസും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് മനസിലാക്കം.
അപേക്ഷിക്കേണ്ട വിധം
1. നിങ്ങൾ വീടിനടുത്തുളള പോസ്റ്റോഫീസ് സന്ദർശിക്കുക.
2. ഗ്രാമ സുരക്ഷയുടെ അപേക്ഷ ഫോം വാങ്ങുക.
3. അപേക്ഷ ഫോമിലുളള ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.
4. ആദ്യപ്രീമിയം അടയ്ക്കുക.