daya

സോഷ്യൽ മീഡിയയിലൂടെ നേരിട്ട വിമർശനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മഞ്ജുപിളളയുടെ മകളും മോഡലുമായ ദയാ സുജിത്ത്. മോഡലെന്ന നിലയ്ക്ക് ഡിസൈനർമാർ ചെയ്ത വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചതെന്നും ദയ പറഞ്ഞു. അടുത്തിടെ ദയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പല ചിത്രങ്ങൾക്കും വലിയ രീതിയിലുളള വിമർശനങ്ങളാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ദയ.

'സോഷ്യൽ മീഡിയയിൽ പല തരത്തിലുളള വിമർശനങ്ങൾ ലഭിച്ചിരുന്നു. ആദ്യസമയത്ത് ആളുകൾ വിമർശിക്കുമ്പോൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചിരുന്നു. മോശം കമന്റുകൾ വരുമ്പോൾ അവയൊന്നും നോക്കരുതെന്നാണ് അമ്മ എന്നോട് പറഞ്ഞത്. ഇപ്പോൾ ഞാൻ ആ കമന്റുകൾ നോക്കാറുണ്ട്. മഞ്ജു പിളളയുടെ മകളാണെന്ന പ്രിവിലേജ് ഞാൻ ഉപയോഗിക്കുന്നതുകൊണ്ട് എന്താണ് തെ​റ്റ്. അങ്ങനെ വരുന്ന അവസരങ്ങൾ പാഴാക്കി കളയേണ്ട ആവശ്യമില്ലല്ലോ.

ഓരോ ഡിസൈനർമാർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിച്ചാണ് ഞാൻ പോസ്​റ്റുകൾ ചെയ്യുന്നത്. തുണിയില്ലേ, ശരീരം കാണിക്കുന്നു, ഇവളാരാ, കറുമ്പിയല്ലേ എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. ഒരു മോഡലെന്ന നിലയിൽ ഡിസൈനർമാരുടെ വസ്ത്രങ്ങൾ ഞാൻ ധരിക്കുന്നു. അതിന് പ്രതിഫലവും ലഭിക്കുന്നുണ്ട്. ഇങ്ങനെയുളള വസ്ത്രങ്ങളിട്ടാൽ ആരെങ്കിലും പീഡിപ്പിക്കുമെന്ന് ഒരാൾ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. മോശം കമന്റുകൾക്ക് ഞാൻ മറുപടി പറയുമ്പോൾ പലരും അത് വാർത്തകളാക്കാറുണ്ട്.

ഫേക്ക് അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരത്തിലുളള കമന്റുകൾ വരുന്നത്. മഞ്ജു പിളളയുടെ സൗന്ദര്യമൊന്നും എനിക്കില്ലെന്നാണ് പറയുന്നത്. അമ്മ അതിനെതിരെ ഒരുപാട് പ്രതികരിച്ചിട്ടുണ്ട്. അമ്മ കുറേ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. നടൻ സാബുവുമായി അമ്മയുടെ വിവാഹം കഴിഞ്ഞെന്ന് പലരും പറഞ്ഞിട്ടുണ്ട്.

അമ്മ ഇതുവരെ ചെയ്തതിൽ വച്ച് എനിക്ക് ടീച്ചർ എന്ന സിനിമയിലെ വേഷമാണ് ഇഷ്ടം. ഒരു വെറൈ​റ്റി അമ്മയായിരുന്നു ആ സിനിമയിൽ. പക്ഷെ ആ സിനിമ അധികം ആരും കാണാതെ പോയി. അത് അമ്മയ്ക്ക് വലിയ സങ്കടമായി. മിസ്​റ്റർ ബട്ട്ലർ എന്ന സിനിമയിൽ അമ്മ ചെയ്ത വേഷവും എനിക്ക് ഇഷ്ടമായിരുന്നു. എനിക്കും അച്ഛനും ഒരേ സ്വഭാവമാണ്. പല കാര്യങ്ങളിലും ഞാനും അച്ഛനും തമ്മിൽ വഴക്കിടാറുണ്ട്. ഞാൻ വെറുതെയിരിക്കുന്നത് അച്ഛന് ഇഷ്ടമില്ല. ഞാൻ ഇ​റ്റലിയിൽ പഠിക്കാൻ പോണെന്ന കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം ആരും സമ്മതിച്ചിരുന്നില്ല. പക്ഷെ അച്ഛൻ സമ്മതിച്ചിരുന്നു'- ദയ പറഞ്ഞു.