നേമം: കെ.എസ്‌.എഫ്.ഇയെ കബളിപ്പിച്ച് വ്യവസായിക്ക് കോടികളുടെ വായ്‌പയെടുക്കാൻ ബാങ്ക് ഭരണസമിതി കൂട്ടുനിന്നതായി അന്വേഷണ റിപ്പോർട്ട്. വെള്ളറട സ്വദേശിയായ വ്യവസായിക്കാണ് കെ.എസ്.എഫ്.ഇയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് 5 കോടി വായ്‌പയെടുക്കാൻ ബാങ്ക് സെക്രട്ടറിയും ഭരണസമിതിയും ഒത്താശ ചെയ്‌തത്.

വ്യവസായി ആദ്യം 8 കോടിയിലധികം രൂപ ഫിക്‌സഡ് ഡിപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഈ തുക പല ഘട്ടങ്ങളായി പിൻവലിക്കുകയും ചെയ്തു. എന്നാൽ ബാങ്ക് നൽകിയ ഡെപ്പോസിറ്റ് രസീത് തിരികെ വാങ്ങാതെ, കെ.എസ്.എഫ്.ഇയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് 5 കോടിയിലധികം രൂപ ലോണെടുക്കുകയും ജാമ്യത്തിനായി നിക്ഷേപം പിൻവലിച്ച ബാങ്ക് ഗ്യാരന്റി സർട്ടിഫിക്കറ്റ് ഹാജരാക്കുകയുമായിരുന്നു.

കെ.എസ്.എഫ്.ഇ സഹകരണ ബാങ്കിനോട് വിശദീകരണം ചോദിച്ചപ്പോൾ,വ്യവസായിക്ക് ഇവിടെ കോടികളുടെ നിക്ഷേപമുണ്ടെന്നും വായ്പാ നൽകാമെന്നും സെക്രട്ടറി രേഖാമൂലം കത്തുനൽകി. എന്നാൽ നിക്ഷേപകൻ ഇതിന് മുമ്പുതന്നെ പണം പിൻവലിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

തിരുവോണത്തിന് ഉപവാസം

ബാങ്കിന് നൽകിയ നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട്, തിരുവോണ ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസമിരിക്കുമെന്ന് നിക്ഷേപ കൂട്ടായ്മ കൺവീനർ ശാന്തിവിള മുജീബ് റഹ്‌മാനും സെക്രട്ടറി കൈമനം സുരേഷും അറിയിച്ചു.