നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവിനെ വെടിവച്ച് പൊലീസ്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വിപിൻ ഭാട്ടിയയ്ക്ക് നേരെയാണ് പൊലീസ് വെടിയുതിർത്തത്. കാലിന് വെടിയേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. നോയിഡയിലെ സിർസ റൗണ്ട്എബൗട്ടിന് സമീപത്തു വച്ചായിരുന്നു സംഭവം. അതിനിടെ വിപിന്റെ അമ്മയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇവർ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ് ചയ്തത്. അതേസമയം, വിപിന്റെ അച്ഛൻ സത്യവീർ, സഹോദരൻ രോഹിത് എന്നിവർ നിലവിൽ ഒളിവിലാണ്.
ആഗസ്റ്റ് 21നാണ് നിക്കി (28)യെ മകന്റെ മുന്നിലിട്ട് വിപിൻ തീകൊളുത്തിയത്. തുടർന്ന് നിക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ഒരു ദൃശ്യത്തിലുള്ളത്. അതേസമയം, സംഭവത്തിൽ കുറ്റബോധമില്ലെന്നും നിക്കി സ്വയം മരിച്ചതാണെന്നും ആശുപത്രിയിൽ വച്ച് വിപിൻ പറഞ്ഞു. വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് നിക്കി മരിച്ചത്. തുടർന്നാണ് വിപിനെ അറസ്റ്റ് ചെയ്തത്. വിപിനും അമ്മ ദയയും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിക്കിയെ തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
2016ലാണ് സിർസ ഗ്രാമത്തിലുള്ള വിപിനെ നിക്കി വിവാഹം കഴിക്കുന്നത്. ആറുമാസത്തിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് വിപിനും കുടുംബവും നിക്കിയെ നിരന്തരമായി പീഡിപ്പിച്ചെന്ന് നിക്കിയുടെ സഹോദരി കാഞ്ചൻ പറഞ്ഞു. കാഞ്ചനെയും ഈ കുടുംബത്തിലേക്കാണ് വിവാഹം ചെയ്തയച്ചത്. 36 ലക്ഷം സ്ത്രീധനമായി വിപിന്റെ കുടുംബം ചോദിച്ചെന്നും കാഞ്ചൻ പറയുന്നു. വ്യാഴാഴ്ച രാത്രി വിപിന്റെ മുന്നിൽവച്ച് അയാളുടെ മാതാപിതാക്കളാണ് നിക്കിയെ തീകൊളുത്തിയതെന്നും കാഞ്ചന ആരോപിച്ചു.