eye

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കണ്ണ്. മറ്റ് പല അവയവങ്ങള്‍ പണിമുടക്കിയാലും ബദല്‍ മാര്‍ഗങ്ങളുണ്ട്. പക്ഷേ കണ്ണിന്റെ കാര്യം അങ്ങനെയല്ല. കാഴ്ച ശക്തി നശിച്ച് കഴിഞ്ഞാല്‍ പിന്നെ അതിന് പകരമായി മറ്റൊരു സംവിധാനവും കണ്ണുള്ളത് പോലെ ഫലപ്രദമല്ല. അതുകൊണ്ട് തന്നെയാണ് കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്ന് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ കണ്ണുകള്‍ കൊണ്ടുള്ള പ്രധാനപ്പെട്ട കാര്യം കാഴ്ച മാത്രമല്ലെന്നും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ സൂചനകള്‍ നല്‍കാന്‍ പോലും കണ്ണുകള്‍ക്ക് കഴിയുമെന്നുമാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

കണ്ണിലുണ്ടാകുന്ന മാറ്റങ്ങള്‍, അവ നല്‍കുന്ന സൂചനകള്‍ തുടങ്ങിയവ നിരവധി രോഗങ്ങളുടെ ലക്ഷണങ്ങളാകാം. പ്രമേഹം, രക്ത സമ്മര്‍ദ്ദം, ക്യാന്‍സര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം അവ എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്. കണ്ണുകള്‍ കേന്ദ്രനാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ശരീരത്തെ എന്തെങ്കിലും ബാധിച്ചാല്‍ അത് കണ്ണുകളെയും ബാധിക്കും.

പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതിമര്‍ദം, കൊളസ്‌ട്രോള്‍ ഡിസോര്‍ഡേഴ്‌സ്, ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥകള്‍, അപകടകരമായ കാന്‍സറുകള്‍ തുടങ്ങി പലതരം രോഗങ്ങളുടെയും ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പെ കണ്ണുകള്‍ അതിന്റെ സൂചനകള്‍ നല്‍കുമെന്ന് 'ഫ്രണ്ടിയേഴ്‌സ് ഇന്‍ മെഡിസിന്‍' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ കണ്ണുകള്‍ നല്‍കുന്ന സൂചന പെട്ടെന്നുള്ള കാഴ്ച മങ്ങലാണ്.

തൈറോയ്ഡ് രോഗാവസ്ഥയുണ്ടെങ്കില്‍ നിങ്ങളുടെ കണ്ണുകള്‍ പെട്ടെന്ന് പുറത്തേക്ക് തള്ളി വരുന്നതാണ് പ്രധാനപ്പെട്ട സൂചന. ഹോര്‍മോണ്‍ അസന്തുലന അവസ്ഥയുണ്ടായാല്‍ അത് കണ്ണുകളുടെ പേശികളെ ബാധിക്കുന്ന നിലയിലേക്ക് എത്തും. ജീവിതശൈലി രോഗമായ പ്രമേഹം നിങ്ങളുടെ ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ ലഭിക്കുന്ന സൂചന ഇപ്രകാരമാണ്: പ്രമേഹം മൂലം കാഴ്ച ശക്തിയെ നിയന്ത്രിക്കുന്ന റെറ്റിനയുെട ഭാഗമായ മാക്യുലയ്ക്ക് വീക്കവും വരാന്‍ സാധ്യതയുണ്ട്. ഇത് സാവകാശം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കും.

ഗുരുതരമായ കേസുകളില്‍ പ്രമേഹം പൂര്‍ണമായും അന്ധതയിലേക്കും നയിക്കും. പ്രമേഹ രോഗികള്‍ക്ക് തിമിരം ബാധിക്കാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. ചിലയിനം കാന്‍സറുകള്‍ അതായത് കണ്ണുകളെ ബാധിക്കുന്ന റെറ്റിനോ ബ്ലാസ്റ്റോമ അഥവാ ഒക്യുലാര്‍ മെലനോമ ഇവയുടെ ആദ്യലക്ഷണങ്ങള്‍ കണ്ണുകളില്‍ പ്രകടമാകും. റെറ്റിനയിലുണ്ടാകുന്ന നിറം മാറ്റമായോ മുറിവുകളും ക്ഷതങ്ങളും ആയോ ആവാം ആദ്യം ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ഈ രോഗങ്ങള്‍ കണ്ണുകളില്‍ വ്യാപിക്കുകയും ക്രമേണ മറ്റ് അവയവങ്ങളിലേക്ക് പടരുകയും ചെയ്യും.