നമ്മുടെ ഭൂമി ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മൈക്രോ പ്ളാസ്‌റ്റിക്കുകൾ. ആഹാര സാധനങ്ങളിലും മണ്ണിലും വെള്ളത്തിലും വരെയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള ഇവ നമ്മുടെ ശരീരത്തിലും ധാരാളം എത്തുന്നുണ്ട്.
39,000 മുതൽ 52,000 വരെ മൈക്രോ പ്ളാസ്റ്റിക് കണികകൾ
എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്‌നോളജി എന്ന ശാസ്‌ത്ര ജേണലിൽ 2019ൽ വന്ന ലേഖനം അനുസരിച്ച് ഒരു മനുഷ്യനിൽ വർഷത്തിൽ 39,000 മുതൽ 52,000 വരെ മൈക്രോ പ്ളാസ്റ്റിക് കണികകൾ എത്തുന്നുണ്ട്. ഇതിൽ നിന്നുതന്നെ എത്ര അപകടകരമാണ് നമ്മുടെ ചുറ്റുപാടിലെ മലിനീകരണം എന്ന് വ്യക്തമാകും. തലച്ചോറിലും ഹൃദയത്തിനുള്ളിലും വരെ മൈക്രോ പ്ളാസ്റ്റിക് കണികകൾ കാണപ്പെടുന്നുണ്ട്.
മൈക്രോ പ്ളാസ്റ്റിക് ശരീരത്തിൽ എത്തുന്നതുകൊണ്ടുള്ള ദോഷവശങ്ങൾ കൃത്യമായി അറിവായിട്ടില്ല. ശരീരകലകളിൽ തകരാറുകൾ, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവക്ക് ഇവ ഏറെനാളായി ശരീരത്തിൽ തുടരുന്നത് കാരണമാകാം എന്ന് കരുതപ്പെടുന്നു. ഇതുകാരണം ശ്വസന, ഹൃദയത്തിന പ്രശ്‌നങ്ങൾ മുതൽ ക്യാൻസറുകൾക്ക് വരെ കാരണമാകും എന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ പരിഹാരം ഏറെ അകലെയെന്നാണ് ഇതുവരെ കരുതിയിരുന്നത് എന്നാൽ ഇപ്പോഴിതാ ശരീരത്തിലെ മൈക്രോ പ്ളാസ്റ്റിക്കുകളെയെല്ലാം അകറ്റാൻ വഴി കണ്ടെത്തിയിരിക്കുന്നു.
ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ളാരിഫൈ ക്‌ളിനിക്‌സ് ഇതിനുള്ള വഴി കണ്ടെത്തിയെന്ന് അവകാശപ്പെടുന്നു. തങ്ങളുടെ ക്ളാരി എന്ന പ്രക്രിയ വഴി ഇതിന് കഴിയുമെന്നാണ് അവകാശവാദം. 90 മുതൽ 99 ശതമാനം വരെ ശരീരത്തിലെ മൈക്രോപ്ളാസ്റ്റിക്കുകളെ ഇതിലൂടെ ഒഴിവാക്കാൻ കഴിയും.
എന്താണ് മൈക്രോപ്ളാസ്റ്റിക്കുകൾ?
കേവലം ഒരു നാനോ മീറ്റർ മുതൽ അഞ്ച് സെന്റീമീറ്റർ വരെ മാത്രം വലുപ്പമുള്ള പ്ളാസ്റ്റിക് തരികളാണ് മൈക്രോപ്ളാസ്റ്റിക്കുകൾ. ഒരു മുടിനാരിന്റെ വീതിയുടെ നേർപകുതിയോളമാണ് ഒരു നാനോ മീറ്റർ. സമുദ്രത്തിലും ജീവനുള്ളവയിലുമെല്ലാം ഇവ കണ്ടെത്തിയിട്ടുണ്ട്. ഏത് ജീവിയുടെയും ഭക്ഷ്യശൃംഖലയിൽ മൈക്രോപ്ളാസ്റ്റിക് കലർന്നിട്ടുണ്ട് എന്ന് പറയുമ്പോൾ എത്രത്തോളം വ്യാപകമാണ് അവ എന്ന് മനസിലാകും.
ക്ളാരിഫൈ ക്‌ളിനിക്‌സ്
രണ്ട് നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ചികിത്സാ കേന്ദ്രമാണ് ക്ളാരിഫൈ ക്‌ളിനിക്‌സ്. 19-ാം നൂറ്റാണ്ടിലാണ് ഇതിന്റെ തുടക്കം. രക്തത്തിലെ മൈക്രോപ്ളാസ്റ്റിക്കെല്ലാം ഒഴിവാക്കുന്നതിന് ഏകദേശം 13,000 ഡോളർ (12 ലക്ഷം രൂപ) ചെലവ് വരും. രക്തശുദ്ധീകരണ പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. ഇതുവഴി ശരീരത്തിൽ 90 മുതൽ 99 ശതമാനം വരെ മൈക്രോപ്ളാസ്റ്റിക്കുകളും ഒഴിവാകും എന്ന് ക്ളിനിക്ക് തീർത്തുപറയുന്നു.
രക്തസാമ്പിളുകൾ ശേഖരിക്കുന്നതിനടക്കം ഉപയോഗിക്കുന്ന കാന്യുല എന്ന ട്യൂബ് ശരീരത്തിൽ ഘടിപ്പിക്കുന്നതാണ് ആദ്യപടി. ഇത് മറ്റൊരു യന്ത്രത്തിൽ കണക്‌ട് ചെയ്യും. യന്ത്രം ശരീരത്തിലെ ചുവപ്പ്, വെള്ള രക്താണുക്കളെ വിഘടിപ്പിക്കുന്നു. ഇതിലടങ്ങിയ മൈക്രോപ്ളാസ്റ്റിക്, കീടനാശിനികളുടെ അംശം ഇവയെ ഒഴിവാക്കി പ്ളാസ്‌മയെ ക്ളാരി കോളം എന്ന ഉപകരണത്തിലേക്ക് കടത്തി വിടുന്നു. ഇതുവഴി വിഷാംശങ്ങളെല്ലാം നീങ്ങി പ്ളാസ്‌മ ലഭിക്കുന്നു. പിന്നീട് വീണ്ടും ഇതേ പ്ളാസ്‌മ രക്തത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുന്നു.
വർഷത്തിൽ രണ്ട് തവണ ഇത്തരത്തിൽ ചെയ്യുന്നത് ആന്തരികാവയവങ്ങൾക്ക് കാലംചെല്ലും തോറും ഇത്തരം വിഷവസ്‌തുക്കൾ കാരണം തകർച്ചയുണ്ടാകുന്നത് തടയുകയും ആരോഗ്യകരമായ ജീവിതം തിരികെതരികയും ചെയ്യുമെന്നാണ് വിവരം. ഒരാൾക്ക് ഈ സെഷൻ ഏകദേശം രണ്ട് മണിക്കൂർ സമയമെടുത്താണ് പൂർത്തിയാക്കാൻ കഴിയുക.
എന്നാൽ ചികിത്സയ്‌ക്ക് ചെലവാകുന്ന തുക വളരെ ഏറെയാണെന്ന് പറയുന്നവരോട് ക്ളാരിഫൈ ക്‌ളിനിക്‌സിലെ ഡോ. യേലിന് പറയാനുള്ളത് തന്റെ 15 വർഷത്തെ ഗവേഷണത്തെ കുറിച്ചാണ്. ഏറെ ഗവേഷണങ്ങൾക്കൊടുവിലാണ് ഇത്തരം ഒന്ന് കണ്ടെത്താൻ സാധിച്ചത്. ഇരുകൈകളും രക്തം ശുദ്ധീകരിക്കുന്ന സമയം യന്ത്രത്തിൽ ഘടിപ്പിക്കും. പ്രശ്‌നങ്ങൾ ഇല്ലെന്നുറപ്പാക്കാൻ ഒരു ഡോക്‌ടറും നഴ്‌സും ഉണ്ടാകും.
എന്നാൽ ഇതുവരെ ഈ രീതി ശാസ്‌ത്രീയമായി സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. വരുംകാലങ്ങളിൽ അത്തരം പഠനങ്ങൾ കൂടി നടന്നാൽ മാത്രമേ രക്തശുദ്ധീകരണം സുരക്ഷിതമെന്ന് പറയാൻ കഴിയൂ.