മഹാനടൻ മമ്മൂട്ടി സമ്പൂർണ രോഗമുക്തനായി പിറന്നാൾ ദിനമായ സെപ്തംബർ ഏഴിന് പൊതുവേദിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. ഒരു മാസത്തിനുശേഷം അഭിനയത്തിലേക്കും തിരിച്ചെത്തും. രോഗമുക്തനായ വിവരം പേഴ്സണൽ മേക്കപ്പ്മാനും മമ്മൂട്ടി കമ്പനി മാനേജിംഗ് ഡയറക്ടറുമായ എസ്. ജോർജ്, അടുത്ത സുഹൃത്തും നിർമ്മാതാവുമായ ആന്റോ ജോസഫ് എന്നിവരാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഏഴുമാസമായി ചികിത്സയിലും വിശ്രമത്തിലുമാണ് മമ്മൂട്ടി. അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. ശരീരത്തിൽ നേരിയതോതിലെങ്കിലും രോഗബാധ അവശേഷിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പെറ്റ് സ്‌കാനുൾപ്പെടെയുള്ള ആധുനിക പരിശോധനാ ഫലങ്ങളെല്ലാം അനുകൂലമായിരുന്നു. ഇപ്പോഴിതാ, രോഗാവസ്ഥയിൽ മമ്മൂട്ടി ഏറ്റവും കൂടുതൽ അന്വേഷിച്ച സിനിമയെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ രമേശ് പിഷാരടി.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ലോക-ചാപ്റ്റർ വൺ ചന്ദ്ര എന്ന ചിത്രത്തെക്കുറിച്ചാണെന്ന് രമേശ് പിഷാരടി പറഞ്ഞു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്രെയിലർ ലോഞ്ചിലാണ് പിഷാരടി മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്.
'സിനിമയുടെ ട്രെയിലർ കണ്ട് അത്ഭുതത്തോടെയാണ് നിൽക്കുന്നത്. ദുൽഖറാണ് സിനിമയുടെ നിർമാണം. കോവിഡിന് ശേഷം മമ്മൂക്ക സിനിമ ചെയ്യാതിരുന്നത് ഈ അടുത്ത കാലയളവിലാണ്. അദ്ദേഹത്തിന്റെ ആ വിശ്രമ സമയത്ത് ഏറ്റവും കൗതുകത്തോടെ നോക്കിയിരുന്നത് ഈ സിനിമയുടെ വളർച്ചയാണ്. ഓരോ ഘട്ടങ്ങളിലും സിനിമയുടെ കാര്യങ്ങൾ അദ്ദേഹം ചോദിക്കുമായിരുന്നു'- രമേശ് പിഷാരടി പറഞ്ഞു.