കാൺപൂർ: രോഗിയാണെന്ന വ്യാജേന ആശുപത്രിയിൽ എത്തി ഡോക്ടറുടെ ഐഫോൺ കവർന്ന യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ കാൺപൂർ ഹാലെറ്റ് ആശുപത്രിയിലാണ് സംഭവം. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനാൽ ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. മുഹമ്മദ് ഫൈസ് എന്നയാളാണ് വികാലാംഗനായി നടിച്ച് ചികിത്സ തേടി ആശുപത്രിയിലേക്ക് എത്തി മോഷണം നടത്തിയത്. മെഡിക്കൽ സ്റ്റാഫിന്റെ വിശ്വാസം നേടിയെടുത്ത ശേഷം കണ്ണിമവെട്ടുന്ന നേരം കൊണ്ടാണ് ജൂനിയർ ഡോക്ടറുടെ മൊബൈൽ ഫോൺ മോഷ്ടിച്ചത്.
ഷർട്ടും ഷോർട്ട്സും ധരിച്ച് ഇടതുകൈയിൽ ഡോക്ടറുടെ കുറിപ്പടിയും ഊന്നുവടിയുമായി ഒരാൾ ആശുപത്രി ലോബിയിൽ മുടന്തി നടക്കുന്നത് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ കാണാം. രണ്ട് ഡോക്ടർമാരെ മറികടക്കുന്നതിനിടയിൽ പ്രതി തന്റെ വലതു കൈ ഇടതുകൈയ്ക്ക് ഇടയിലൂടെയിട്ടാണ് ജൂനിയർ ഡോക്ടറുടെ കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോൺ കവർന്നത്. ആശുപത്രിയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രതി ഫോൺ പോക്കറ്റിലേക്ക് വച്ചു. ചോദ്യം ചെയ്യലിൽ സമാനമായ ഒട്ടേറെ കേസുകൾ പ്രതി ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.