travel

വേൾഡ് ട്രിപ്പ് നടത്തുന്നവരിൽ ഒട്ടുമിക്കവരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് യാത്രാചെലവ്. അതിനാൽത്തന്നെ ഇഷ്ടരാജ്യത്തെത്തുന്നവർ അമിത ചെലവ് കാരണം സന്ദർശിക്കേണ്ട സ്ഥലങ്ങൾ ചുരുക്കുകയാണ് പതിവ്. എന്നാൽ തായ്‌ലൻഡിലേക്ക് യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് സുവർണാവസരം എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുളള സഞ്ചാരികൾക്ക് തായ്‌ലൻഡിനുളളിൽ എവിടെയും സൗജന്യമായി വിമാനത്തിൽ യാത്ര ചെയ്യാം. ഇതിനുളള പദ്ധതി തായ്‌ലൻഡ് അവതരിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യൻ സഞ്ചാരികളെ കൂടാതെ തിരഞ്ഞെടുത്ത മ​റ്റ് രാജ്യങ്ങളിലെ സഞ്ചാരികൾക്കും തായ്‌ലൻഡിനുളളിൽ സൗജന്യമായി വിമാനയാത്ര നടത്താം. ഇതിനായി പ്രത്യേക ആഭ്യന്തര വിമാനങ്ങൾ വാങ്ങാനും തായ്‌ലൻഡ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സഞ്ചാരികൾക്ക് രണ്ട് സൗജന്യ അഭ്യന്തര യാത്രകൾ നടത്താനുളള അവസരമാണ് സർക്കാർ ഒരുക്കിയിട്ടുളളത്.


എയർലൈൻ വെബ്‌സൈ​റ്റുകൾ, മൾട്ടി-സി​റ്റി ഓപ്ഷനുകൾ, ഫ്‌ളൈ ത്രൂ സർവീസുകൾ, അല്ലെങ്കിൽ ഓൺലൈൻ ട്രാവൽ ഏന്റുമാർ വഴി രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്ക് ഈ ഓഫർ ലഭിക്കും. യാത്രയ്ക്കൊപ്പം 20 കിലോഗ്രാം ബാഗേജും ഉൾപ്പെടുത്താം. തായ് എയർ ഏഷ്യ, ബാങ്കോക്ക് എയർവേസ്, തായ് വിയ​റ്റ്‌ജെ​റ്റ്, തായ് എയർവേസ് ഇന്റർനാഷണൽ, തായ് ലയൺ എയർ എന്നീ വിമാനക്കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ലോകമെമ്പാടുമുളള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് തായ്‌ലൻഡ് നിർണായക പങ്കാണ് വഹിക്കുന്നത്. അതിനായി സഞ്ചാരികളെ ആകർഷിപ്പിക്കുന്നതിനായി നിരവധി പദ്ധതികളും ഇവർ ഒരുക്കാറുണ്ട്.

തായ്‌‌ലൻഡിൽ ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലങ്ങൾ

1. ചിയാംഗ് മായ്: പ്രകൃതിഭംഗിയും കലാപരമായ കാഴ്ചകളും ഒരുമിച്ചുളള സ്ഥലമാണിത്. ഇവിടെയുളള വനങ്ങളും നിഗൂഢമായ വെളളച്ചാട്ടങ്ങളും ബുദ്ധവിഹാരങ്ങളും വേറിട്ട അനുഭവം നൽകും.

2. ചിയാംഗ് റായ്: അതിശയിപ്പിക്കുന്ന വൈറ്റ് ടെമ്പിൾ (വാട്ട് റോംഗ് ഖുൻ), ബ്ലൂ ടെമ്പിൾ (വാട്ട് റോംഗ് സുയ ടെൻ) എന്നിവയുൾപ്പെടെ നിരവധി പുരാതന ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.

3. കിഴക്കൻ ഗൾഫ് തീരം: തീരദേശ ഭൂമിശാസ്ത്രപരമായി കിഴക്കൻ ഗൾഫിൽ ഒക്ടോബർ വരെ വിന്റർ മൺസൂൺ കാലമാണ്. ഇവിടത്തെ മഴക്കാല കാഴ്ചകൾ അതിമനോഹരമാണ്.