guruvayur-temple

തൃശൂർ: ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചതിന്റെ പശ്ചാത്തലത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തുമെന്ന് വിവരം. ക്ഷേത്രത്തിൽ ആറു ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും. നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണമുണ്ട്.

യുട്യൂബർ ജാസ്‌മിൻ ജാഫറാണ് ഹൈക്കോടതിയുടെ നിരോധനം മറികടന്ന് ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം വലിയ വിവാദമായതോടെ യുവതി ക്ഷമാപണം നടത്തുകയും വീഡിയോകൾ പിൻവലിക്കുകയും ചെയ്തു.

ക്ഷേത്രത്തിൽ ആറാട്ട് പോലെയുള്ള ചടങ്ങുകൾ നടക്കുന്ന തീ‌ർത്ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയിൽ വീഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു യുട്യൂബറിനെതിരെയുള്ള പരാതി. ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല.