nail-cutter

നഖം മുറിക്കാൻ മാത്രമല്ല, നഖങ്ങൾ ഷേപ്പ് ആക്കാനും സഹായിക്കുന്ന ഉപകരണമാണ് നെയിൽ കട്ടർ. വെട്ടുന്നതോടെ നഖത്തിനടിയിൽ അഴുക്ക് അടിഞ്ഞുകൂടുന്നത് ഒഴിവാക്കുന്നു. അതുവഴി ശുചിത്വം പാലിക്കാനും സഹായിക്കുന്നു. ഇത് തീർച്ചയായും ഒരു ഉപയോഗപ്രദമായ ഉപകരണമാണ്.


പതിറ്റാണ്ടുകളായി നെയിൽ കട്ടറുകൾ നിലവിലുണ്ട്. മിക്കവാറും എല്ലാ വീടുകളിലും ഇവ കാണപ്പെടുന്നു. ആവശ്യക്കാരേറെയുണ്ടായിട്ടും സ്റ്റീൽ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയിൽ നെയിൽ കട്ടർവലിയ രീതിയിൽ ഉത്പാദിപ്പിക്കുന്നില്ലെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

നെയിൽ കട്ടർ ഇപ്പോഴും ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 2023 ഒക്ടോബറിനും 2024 സെപ്തംബറിനും ഇടയിൽ, ഇന്ത്യ ചൈനയിൽ നിന്ന് 23,912 നെയിൽ കട്ടറുകൾ ഇറക്കുമതി ചെയ്തതായി ആഗോള വ്യാപാര വിശകലന പ്ലാറ്റ്‌ഫോമായ വോൾസ പറയുന്നു. ഈ കാലയളവിൽ മൊത്തം നെയിൽ കട്ടർ ഇറക്കുമതിയുടെ 99 ശതമാനത്തിലധികവും ഇത് ആയിരുന്നു. രണ്ടാമതായി ഹോങ്കോങ്ങിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ചെറിയ അളവിൽ സൗത്ത് കൊറിയയിൽ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്.

വോൾസയുടെ ചരക്ക്, തീരുവ, പാക്കേജിംഗ് എന്നിവ ഉൾപ്പെടെ ഒരു നെയിൽ കട്ടറിന്റെ ശരാശരി ഇറക്കുമതി വില യൂണിറ്റിന് ഏകദേശം മുപ്പത്തിയഞ്ച് രൂപയായിരുന്നു. നിലവിൽ, ചില്ലറ വിൽപ്പനയ്‌ക്കോ ഇകൊമേഴ്സ് വിപണിക്കോ വേണ്ടി നെയിൽ കട്ടറുകൾ വിതരണം ചെയ്യുന്ന ഒരു വലിയ ഇന്ത്യൻ നിർമ്മാതാവോ ബ്രാൻഡോ ഇല്ല. ചെറുതും, വിലകുറഞ്ഞതും, വ്യാപകമായി ഉപയോഗിക്കുന്നതുമായ ഈ സാധനം എന്തുകൊണ്ട് ഇന്ത്യയിൽ നിർമിക്കാൻ പറ്റുന്നില്ലെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് കാരണമുണ്ട്.


കാഴ്ചയിൽ ലളിതമാണെങ്കിലും മൂർച്ച നിലനിർത്താനും, പെട്ടെന്ന് ഉപയോഗശൂന്യമായിപ്പോകാതിരിക്കാനും ബേസിക് സ്റ്റീൽ പോര, അവയ്ക്ക് സ്‌പെഷ്യലൈസിഡ് സ്റ്റീൽ ആവശ്യമാണ്. പൊതുവെ tempered stainless steel alloy കൊണ്ടാണ് നെയിൽ കട്ടറുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ തരത്തിലുള്ള ലോഹം നിർമ്മിക്കുന്നതിന് കൃത്യമായ അലോയ് കോമ്പോസിഷൻ, കൺട്രോൾഡ് ഹീറ്റ് ട്രീറ്റ്‌മെന്റ് അങ്ങനെ നിരവധി കാര്യങ്ങൾ ആവശ്യമാണ്.

ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റീൽ ഉൽപ്പാദകരിൽ ഒന്നാണെങ്കിലും, ഇവിടെ ഉൽപ്പാദനത്തിന്റെ ഭൂരിഭാഗവും നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന കമ്മോഡിറ്റി ഗ്രഡ് സ്റ്റീലാണ്. ഇതുകൂടാതെ ഗ്രൂമിംഗ് ഉപകരണങ്ങൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ ടൂൾഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ പരിമിതമായ അളവിൽ നിർമ്മിക്കപ്പെടുന്നു.


ഇന്ത്യയ്ക്ക് ചില അടിസ്ഥാന ഉൽപ്പാദന വിഭാഗങ്ങളിൽ ശേഷി കുറവാണെന്നതിന്റെ ഒരു ഉദാഹരണമായി 2024ൽ, സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു പരസ്യമായി നെയിൽ കട്ടറിനെ കുറിച്ച് പരാമർശിച്ചിരുന്നു. ഗ്രാമീണ മേഖലയിലെ ചെറിയ കടകളിൽ പോലും നെയിൽ കട്ടറുകൾ കാണാം. എന്നാൽ അവയിൽ 'മെയ്ഡ് ഇൻ ചൈന' അല്ലെങ്കിൽ 'മെയ്ഡ് ഇൻ കൊറിയ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്തുകൊണ്ട് ഇന്ത്യയിൽ ഇത് നിർമിക്കുന്നില്ല. ഇത് ഡിസൈൻ സങ്കീർണ്ണത കൊണ്ടല്ല, മറിച്ച് ഇന്ത്യൻ നിർമ്മാതാക്കൾ ശരിയായ തരം അലോയ് ഉത്പാദിപ്പിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, വലിയ രീതിയിൽ ഇല്ലെങ്കിലും നെയിൽ കട്ടറുകൾ നിർമ്മിക്കുന്ന ചില ആഭ്യന്തര ബ്രാൻഡുകളും നിർമ്മാതാക്കളും ഇന്ത്യയിലുണ്ടെന്നും പറയപ്പെടുന്നു. ഇന്ത്യൻ ബ്രാൻഡായ വേഗ, ചില്ലറ വിൽപ്പനയിലും ഓൺലൈൻ വിപണികളിലും നെയിൽ കട്ടറുകൾ വിൽക്കുന്നു. എന്നിരുന്നാലും, അവരുടെ പല നെയിൽ കട്ടർ മോഡലുകളും അതിനുപയോഗിക്കുന്ന സാധനങ്ങളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണത്രേ.


കൂടാതെ, ലോഹവസ്തുക്കളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും നിർമാണത്തിൽ പ്രസിദ്ധി നേടിയ മീററ്റ്, ലുധിയാന, ജലന്ധർ, രാജ്‌കോട്ട് എന്നിവിടങ്ങളിലെ ചെറുകിട യൂണിറ്റുകളും നെയിൽ കട്ടറുകൾ നിർമ്മിക്കുന്നു. എന്നാൽ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങൾ മൂലം ഇന്ത്യൻ നിർമ്മിത നെയിൽ കട്ടറുകൾ ചൈനീസ്, കൊറിയൻ ഉൽപ്പന്നങ്ങൾ ആധിപത്യം പുലർത്തുന്ന ഇകൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലോ മത്സരത്തിനെത്തുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഗുണനിലവാരമുള്ള നെയിൽ കട്ടറുകൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.