ന്യൂഡൽഹി: തീവ്രവാദികൾ ഉൾപ്പെടെയുള്ള ശത്രുക്കൾക്ക് പേടിസ്വപ്നമാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. 1968 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഈ ഉത്തരാഖണ്ഡുകാരൻ. ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് ആകുന്നതിന് മുൻപ് ഇന്റലിജൻസ് ബ്യൂറോയിലും സിക്കിം മിഷനിലും ജോലി ചെയ്യുന്നതിനിടെ 1980കളിൽ പാകിസ്ഥാന്റെ അതീവ രഹസ്യ ആണവ പദ്ധതി ഡോവൽ പൊളിച്ചടുക്കി. അതും പാകിസ്ഥാനിലെ അതീവരഹസ്യ കേന്ദ്രങ്ങളിൽ കടന്നുചെന്ന്.
അക്കാലത്ത് ഏതെങ്കിലും വഴിയിലൂടെ ആണവായുധങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയായിരുന്നു പാകിസ്ഥാൻ. 1974ൽ ഇന്ത്യ നടത്തിയ ആണവായുധപരീക്ഷണമാണ് പാകിസ്ഥാനെ വിളറിപ്പിടിപ്പിച്ചത്. അതിനാൽതന്നെ ചൈന പോലുയുള്ള രാജ്യങ്ങളുടെ സഹായത്തോടെ സ്വന്തമായി ആണവായുധ പദ്ധതി രൂപീകരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു. പാകിസ്ഥാന്റെ രഹസ്യനീക്കങ്ങൾ മനസിലാക്കിയ ഇന്ത്യ, പദ്ധതിയുടെ തെളിവുകൾ ശേഖരിക്കാൻ ആരംഭിച്ചു. ഇതിനായി ചുമതല നൽകിയത് 'സൂപ്പർ കോപ്പ്' എന്നറിയപ്പെടുന്ന ഡോവലിനും.
കീറിപ്പറിഞ്ഞ പുതപ്പ് മൂടി, മുഷിഞ്ഞ രൂപത്തിൽ പാകിസ്ഥാനിലെ ഇസ്ളാമാബാദിന്റെ തെരുവുകളിലൂടെ അലഞ്ഞുനടന്ന യാചകനെ ആരും ഗൗനിച്ചില്ല. കുപ്രസിദ്ധമായ ഖാൻ റിസർച്ച് ലബോറട്ടറീസ് (കെആർഎൽ) സ്ഥിതി ചെയ്യുന്ന ഇസ്ളാമാബാദിലെ കഹുത തെരുവുകളിലൂടെയായിരുന്നു ഡോവൽ അലഞ്ഞുനടന്നത്. ശാസ്ത്രജ്ഞർ, സുരക്ഷാ ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ തുടങ്ങിയവർ അതീവ രഹസ്യ സ്വഭാവത്തോടെയായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. മാസങ്ങളോളം അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചും പഠിച്ചും ഡോവൽ വിവരങ്ങൾ ശേഖരിച്ചു. മാസങ്ങൾക്കുശേഷം ഒരു ബാർബർ ഷോപ്പിൽ നിന്നാണ് പാകിസ്ഥാൻ അതീവരഹസ്യമായി സൂക്ഷിക്കുകയായിരുന്ന നിർണായക വിവരം ഡോവലിന് ലഭിച്ചത്.
കെആർഎൽ ശാസ്ത്രജ്ഞർ പതിവായി എത്തുന്ന കടയായിരുന്നു ഇത്. ഇവിടെവച്ച് ആരും കാണാതെ ഡോവൽ മുടിവെട്ടുകാരൻ അശ്രദ്ധമായി വെട്ടിയിടുന്ന മുടിയിഴകൾ ശേഖരിച്ചു. ഇത് പരിശോധനയ്ക്കായി ഇന്ത്യയിലേയ്ക്ക് അയച്ചു. പരിശോധനയിൽ യുറേനിയത്തിന്റെയും റേഡിയേഷന്റെയും സാന്നിദ്ധ്യം സ്ഥിരീകരിച്ചു. പാകിസ്ഥാൻ ആണവായുധങ്ങൾ വികസിപ്പിക്കുകയാണെന്ന ഇന്ത്യയുടെ സംശയത്തിനുള്ള മറുപടിയായിരുന്നു അത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ തന്ത്രം രൂപപ്പെടുത്താൻ ഈ പരിശോധന സഹായിച്ചു.
ഒരു ചെറിയ കാലയളവിലെ ദൗത്യമായിരുന്നില്ല ഇത്. ആറ് വർഷക്കാലം ഡോവൽ നിരന്തരമായ ഭീഷണിയിലായിരുന്നു ജീവിച്ചത്. ഡോവലിന്റെ കണ്ടെത്തൽ അദ്ദേഹത്തിന് ജീവൻ വരെ അപഹരിക്കാം, കൂടാതെ ഇന്ത്യയുടെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുമായിരുന്നു. ഡോവലിന്റെ കണ്ടെത്തലുകൾ പാകിസ്ഥാന്റെ ആണവ പരീക്ഷണ ശേഷിയെ ഏകദേശം പതിനഞ്ച് വർഷത്തേക്ക് വൈകിപ്പിച്ചതായി വിദഗ്ദ്ധർ വിശ്വസിക്കുന്നു.