accident

കൊച്ചി: എറണാകുളത്ത് മദ്യലഹരിയിൽ മൂന്നംഗ സംഘത്തിന്റെ അപകട യാത്രയുടെ ദൃശ്യങ്ങൾ പുറത്ത്. ഇരു ചക്രവാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചാണ് സംഘം കാറിൽ യാത്ര ചെയ്തത്. ഇന്നലെ രാത്രിയോടെ എറണാകുളം ചെമ്പ് മുക്കിലാണ് സംഭവം. തൃശ്ശൂർ സ്വദേശി സൂര്യനാരായണൻ ഉൾപ്പെടെ മൂന്ന് പേർ കാറിലുണ്ടായിരുന്നവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകട യാത്രയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ചെമ്പ് മുക്ക് മുതൽ അത്താണി വരെ അമിത വേഗതിയിലായിരുന്നു കാർ സഞ്ചരിച്ചത്. അത്താണിയിൽ വച്ച് ഇവരുടെ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മദ്യപസംഘത്തിന്റെ യാത്ര കാരണം മൂന്ന് പേർക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ കാൽ ഒടിഞ്ഞു. ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരനെയും വാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു.

കാറിലുണ്ടായിരുന്നവർ മറ്റു രാസലഹരികൾ ഉപയോഗിക്കുന്നവരാണോയെന്ന് അടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. നിലവിൽ സൂര്യ നാരായണനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന ബാക്കി രണ്ടു പേർക്കുള്ള തിരച്ചിൽ തുടരുകയാണ്.