തിരുവനന്തപുരം: ചാക്ക ജംഗ്ഷനിൽ സീബ്ര ലൈനുകളില്ലാത്തത് കാൽനടയാത്രക്കാരെ വലയ്ക്കുന്നു.നാല് റോഡുകൾ സംഗമിക്കുന്ന പ്രധാന ജംഗ്ഷൻ കൂടിയാണ് ചാക്ക.ഏത് സ്ഥലത്ത് നിന്ന് റോഡ് ക്രോസ് ചെയ്യണമെന്നറിയാത്തതാണ് ഇവിടുത്തെ പ്രധാനപ്രശ്നം.കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനുള്ള യാതൊരുവിധ സംവിധാനങ്ങളും ഇവിടെയില്ല.പുതിയ സീബ്ര ലൈനുകൾ വരച്ചിട്ടില്ല. പണ്ടുള്ളത് ഇപ്പോൾ മാഞ്ഞുപോയി.രാവിലെയും വൈകിട്ടും വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കഴക്കൂട്ടം,ശംഖുംമുഖം,പേട്ട ഭാഗങ്ങളിലേക്ക് പോകാനായി സ്കൂൾ കുട്ടികളടക്കം നൂറോളം പേരാണ് റോഡ് മുറിച്ചുകടക്കുന്നത്.
കോവളത്തേയ്ക്കും വിമാനത്താവളത്തിലേക്കും മെഡിക്കൽ കോളേജിലേക്കും പോകാനുള്ള പ്രധാന റോഡാണിത്.
റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനങ്ങൾ തട്ടി കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്ന നിരവധി സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്.ട്രാഫിക് നിയന്ത്രിക്കാൻ ട്രാഫിക് പൊലീസുണ്ടെങ്കിലും പരിഹാരമാകാറില്ല. സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനുള്ള സംവിധാനം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അപേക്ഷിച്ചിട്ടും പരിഹാരമില്ല
സീബ്ര ലൈൻ വേണമെന്ന് ട്രാഫിക് പൊലീസ്,അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഹൈവേ കടന്നുപോകുന്നതിനാൽ എൻ.എച്ച്.ഐയുടെ പരിധിയിലാണ് പ്രദേശം.എന്നാൽ യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല.
റോഡപകടത്തിൽ മൂന്നാം സ്ഥാനം
റോഡപകടങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് തലസ്ഥാനം. കഴിഞ്ഞ ആറു മാസത്തിനിടെ 1800 പേർക്കാണ് റോഡ് അപകടങ്ങളിൽ പരിക്കേറ്റത്. ഇതിൽ 30 ശതമാനം പേരും കാൽനടയാത്രക്കാരാണ്.
ജൂൺ മാസത്തിൽ സ്കൂൾ തുറക്കുന്നതിനു മുന്നേതന്നെ വിഷയങ്ങളെല്ലാം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.
ട്രാഫിക് പൊലീസ്