jammu-kashmir

ശ്രീനഗര്‍: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന ജമ്മുവില്‍ പാലം തകര്‍ന്ന് വീണു. നാലാമത് തവി പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. തവി നദി കരകവിഞ്ഞൊഴുകുകയാണ്. നദിയിലെ നീരൊഴുക്ക് കൂടിയതോടെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങളാണ് ഗര്‍ത്തത്തില്‍ കുടുങ്ങിയത്.

സംഭവം അറിഞ്ഞ് അധികൃതര്‍ എത്തുമ്പോഴേക്കും വാഹനങ്ങള്‍ ഒഴുകിപ്പോയിരുന്നു. പ്രദേശത്ത് ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നദീതീരങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറിതാമസിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭ്യര്‍ത്ഥിച്ചു, അതേസമയം, പ്രതിസന്ധി നേരിടാനായി അടിയന്തര ഹെല്‍പ്പ് ലൈനുകള്‍ സജീവമാക്കിയിട്ടുണ്ട്. ഡസന്‍ കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച കിഷ്ത്വാറിലും കത്വയിലും അടുത്തിടെയുണ്ടായ മാരകമായ മേഘവിസ്‌ഫോടനങ്ങളെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ ജമ്മുവിലെ വൈഷ്ണോദേവി യാത്ര നിര്‍ത്തിവച്ചിരുന്നു. യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് മുന്‍പ് കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കണമെന്ന് അധികൃതര്‍ തീര്‍ത്ഥാടകരോട് നിര്‍ദ്ദേശിച്ചു. ബുധനാഴ്ച മുതല്‍ ഓഗസ്റ്റ് 30 വരെ ജമ്മുവില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ചുമതലയുള്ള ഡയറക്ടര്‍ മുഖ്താര്‍ അഹമ്മദ് അറിയിച്ചു. എന്നിരുന്നാലും അതിന് ശേഷം ചെറിയ രീതിയിലോ, കനത്ത തോതിലോ മഴ പുനരാരംഭിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കശ്മീര്‍ താഴ്വരയില്‍ സെപ്റ്റംബര്‍ 5 വരെ മഴ ലഭിക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജമ്മു കാശ്മീരിലുടനീളം നിര്‍ത്താതെ പെയ്യുന്ന മണ്‍സൂണ്‍ മഴ നദികളിലെയും അരുവികളിലെയും ജലനിരപ്പ് കുത്തനെ ഉയരാന്‍ കാരണമായി. തുടര്‍ന്നാണ് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടയത്. ജലാശയങ്ങള്‍, നദിതീരങ്ങള്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കുവാനും സ്ഥിതിഗതികള്‍ വഷളായികൊണ്ടിരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കുവാനും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ശക്തമായി തുടരുന്ന മഴ കാരണം താഴ്ന്ന പ്രദേശങ്ങളില്‍ നദികള്‍ കരകവിഞ്ഞൊഴുകിയും മണ്ണിടിച്ചിലുണ്ടായും അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഈ മാസം 17ന് കത്വ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

നേരത്തെ, ജമ്മു കാശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴയ്ക്ക് പിന്നാലെ കനത്ത നാശനഷ്ടം വിതച്ച് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. പ്രശസത് തീര്‍ത്ഥാടന കേന്ദ്രമായ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ തുടര്‍ച്ചയായ കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായി. അപകടത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായ മരണസംഖ്യ ഇനിയും പുറത്തുവന്നിട്ടില്ല. പ്രദേശത്ത് മേഘവിസ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.