നേമം: കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്ക് പരിക്കേറ്റു. വെള്ളായണി ഊക്കോട് ജംഗ്ഷന് സമീപത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കല്ലിയൂർ ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാനും പെരിങ്ങമ്മലയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. വാൻ അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് നിയന്ത്റണം നഷ്ടപ്പെട്ട് ബസിലിടിക്കുകയായിരുന്നു. വാനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സെത്തി മുൻവശം വെട്ടിപ്പൊളിച്ചാണ് ആശുപത്രിയിലെത്തിച്ചത്.ബസിൽ യാത്രക്കാർ കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.അപകടത്തിൽ ബസിനും പിക്കപ്പ് വാനും കാര്യമായ തകരാർ സംഭവിച്ചു. ഇരുവാഹനങ്ങളും വഴിയിൽ കുടുങ്ങി മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.തുടർന്ന് തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.