വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ദുഷ്കരമാക്കുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഒമ്പതാം വളവിലെ വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞത്. വലിയ പാറക്കല്ലുകളും മരങ്ങളും മണ്ണുമാണ് ഈ ഭാഗത്തേക്ക് പതിച്ചത്. ഇത് മാറ്റാനുളള ശ്രമം നടക്കുന്നതിനിടയിലാണ് വീണ്ടും മണ്ണിടിഞ്ഞിരിക്കുന്നത്. ഇവ പൂർണമായി മാറ്റിയാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുളളൂ.
ഇന്നലെ രാത്രി മുതൽ ഈ ഭാഗത്ത് ചെറിയ വഴി നിർമിച്ചാണ് കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. ആംബുലൻസ് പോലുളള വാഹനങ്ങൾക്കാണ് കൂടുതൽ പരിഗണന നൽകുന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സഹകരിച്ചാണ് പ്രദേശത്ത് നിന്ന് പാറക്കല്ലുകൾ നീക്കം ചെയ്യുന്നത്. തുടർച്ചയായി മഴയും കനത്ത കോടയും കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കളക്ടറും ജനപ്രതിനിധികളും ഇവിടെയെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു.