ആരാധകരുമായി സംവദിക്കുന്നതിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ താന്‍ നേരിട്ട ചോദ്യത്തിന് നല്‍കിയത രസകരമായ മറുപടി. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ആരാധകരുമായി ഓപ്പണ്‍ ചാറ്റില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ നിരവധി ചോദ്യങ്ങളാണ് സച്ചിന് മുന്നില്‍ ആരാധകര്‍ ഉന്നയിച്ചത്. ഇതില്‍ ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.
അതിനിടെയാണ് ഇതിഹാസതാരത്തെ തേടി രസകരമായ ഒരു ചോദ്യമെത്തിയത്. ''നിങ്ങള്‍ ശരിക്കും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണോ? തെളിയിക്കാന്‍ ഒരു വോയ്‌സ് നോട്ട് അയക്കാമോ?''- ഒരു റെഡ്ഡിറ്റ് യൂസറിന്റെ ഈ ചോദ്യത്തിന്, ആരാധകന്റെ ചോദ്യം പ്രദര്‍ശിപ്പിച്ച സ്‌ക്രീനിന് മുന്നില്‍ നിന്നുകൊണ്ടുള്ള ചിത്രം പങ്കുവെച്ചാണ് സച്ചിന് മറുപടി നല്‍കിയത്. ഒപ്പം ''ഇനി ആധാര്‍ കാര്‍ഡും കാണിക്കണോ?'' എന്നും സച്ചിന്‍ തമാശയോടെ ചോദിച്ചു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സച്ചിന്‍ നേരിട്ടു. ഇന്ത്യക്കായി കളിക്കുന്ന കാലത്ത് ഇത്രയും വലിയ സമ്മര്‍ദ്ദം എങ്ങനെ നേരിട്ടുവെന്ന ചോദ്യത്തിന് തനിക്ക് ഒരുപാട് പേരുടെ പിന്തുണയുണ്ടെന്ന വിശ്വാസമാണ് മുന്നോട്ട് നയിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇഷ്ടപ്പെട്ട ടെന്നീസ് താരത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തു. മുന്‍പ് റോജര്‍ ഫെഡറര്‍ ആയിരുന്നു തന്റെ ഇഷ്ടതാരമെന്നും അദ്ദേഹം വിരമിച്ച ശേഷം ഇപ്പോഴത്തെ താരങ്ങളില്‍ കാര്‍ലോസ് അല്‍ക്കാരസാണ് ഇഷ്ട താരമെന്നും സച്ചിന്‍ പറഞ്ഞു.