വാഷിംഗ്‌ടൺ: ഉടുതുണിയില്ലാതെ അവധിക്കാലം ആഘോഷിച്ചാലോ? ഒന്നും രണ്ടുമൊന്നുമല്ല പതിനൊന്നുദിവസമാണ് എല്ലാം മറന്ന് ഇഷ്ടപ്പെട്ടവരോടൊപ്പം നൂൽബന്ധമില്ലാതെ അവധി ആഘോഷിക്കാൻ പറ്റുന്നത്. അമേരിക്ക ആസ്ഥാനമായ 'ബെയർ നെസസിറ്റീസ്' എന്ന കമ്പനിയാണ് ഇതിനുള്ള അവസരമൊരുക്കുന്നത്. ഫ്ലോറിഡയിലെ മയാമിയിൽ നിന്ന് നോർവീജിയൻ പേൾ എന്ന ആഡംബര കപ്പലിലാണ് വിനോദസഞ്ചാരികളെ മനോഹരമായ ദ്വീപുകളിലേക്ക് എത്തിക്കുന്നത്. ഇവിടെ ആരുടെയും തുറിച്ചുനോട്ടമോ ശല്യമാേ ഇല്ലാതെ മതിയാവോളം പ്രകൃതി സൗന്ദര്യം ആസ്വദിക്കാം.
ദ്വീപുകളിൽ മാത്രമല്ല കപ്പലിനുള്ളിലും വസ്ത്രങ്ങൾക്ക് സ്ഥാനമേ ഇല്ല. 2,300 പേർക്ക് ഒരേസമയം യാത്രചെയ്യാൻ കഴിയുന്ന കപ്പൽ ആഡംബരത്തിന്റെ അവസാന വാക്കാണത്രേ. 16 റെസ്റ്റോറന്റുകൾ, 14 ബാറുകൾ, രണ്ട് ബൗളിംഗ് ലൈനുകൾ, ഒരു കാസിനോ, സ്പാകൾ, ഗാർഡൻ വില്ലകൾ എന്നിവയും കപ്പലിലുണ്ട്. പക്ഷേ, കപ്പലിനുള്ളിൽ ഫോട്ടോ എടുക്കുന്നതിന് നിരോധനം ഉണ്ട്. ആരും അറിയാതെ പടമെടുക്കാമെന്ന് കരുതിയെങ്കിൽ തെറ്റി. കയ്യോടെ പിടിക്കപ്പെടും. എന്നുമാത്രമല്ല കപ്പലിലെ നിയമം അനുസരിച്ച് പെരുമാറിയില്ലെന്ന കുറ്റം ചുമത്തി അടുത്ത തുറമുഖത്ത് ഇറക്കിവിടും. പിന്നെ സ്വന്തം പണംമുടക്കി തിരിച്ചുവരേണ്ടിവരും. തുറമുഖത്തോട് അടുക്കുമ്പോൾ കപ്പലിലുള്ളവർക്ക് വസ്ത്രം ധരിക്കാൻ അനുമതിയുണ്ട്. അതിനാൽ തുണിയില്ലാതെ ഇറങ്ങേണ്ടിവരും എന്ന പേടിവേണ്ട.
നാളെത്തന്നെ കപ്പലിൽ ടിക്കറ്റ് ബുക്കുചെയ്യാൻ തീരുമാനിച്ചെങ്കിൽ അതിനുള്ള ചാർജും കൂടി അറിയുക.43 ലക്ഷം രൂപയാണ് ഒരാൾക്കുള്ള ചെലവ്. ആൾക്കാരുടെ ഇടിച്ചുകയറ്റം ഉണ്ടെങ്കിൽ വില ഇതിലും കൂടിയേക്കാം എന്നാണ് കരുതുന്നത്. നേരത്തേ ഇത്തത്തിൽ നഗ്നയാത്ര ഉണ്ടായിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ അത് നിറുത്തിവച്ചിരുന്നു. അടുത്തവർഷം മുതൽ ഇത് പുനഃരാരംഭിക്കാണ് കമ്പനിയുടെ നീക്കം. അതിനുവേണ്ടിയാണ് യാത്രസംബന്ധിച്ച് അറിയിപ്പുനൽകിയത്. പക്ഷേ, തണുത്ത പ്രതികരണമാണ് സഞ്ചാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്. ഉയർന്ന ടിക്കറ്റ് ചാർജുതന്നെയാണ് ഇതിനുകാരണം. ബോഡി പോസിറ്റീവിറ്റി, പരസ്പര ബഹുമാനം എന്നിവയാണ് യാത്രയുടെ മുഖ്യലക്ഷ്യം എന്നാണ് കമ്പനി അവകാശപ്പെടുന്നത്.