ഒരുകാലത്ത് പലരുടെയും വീട്ടുതൊടിയിൽ വെറുതെ വീണ് ചീഞ്ഞുപോയിരുന്ന സാധനമായിരുന്നു ചക്ക. കാലം മാറിയതോടെ ചക്കയ്ക്ക് ആവശ്യക്കാരേറി. ഇതോടെ ഇതിന്റെ ബിസിനസ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് കൃഷിക്കാരും കച്ചവടക്കാരുമൊക്കെ. ഇന്ന് മാർക്കറ്റുകളിലും വലിയ രീതിയിൽ ചക്ക വിറ്റുപോകാറുണ്ട്.
മാളുകളിലും മറ്റും വലിയ വിലയ്ക്കാണ് ചക്ക വിറ്റഴിക്കുന്നത്. വലിയ രീതിയിൽ മായമൊന്നും ചേർക്കാത്തതിനാൽ ധൈര്യത്തോടെ കഴിക്കാമെന്ന ആളുകളുടെ ചിന്തയാണ് ചക്കയെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ ഇതിനിടയിൽ നടക്കുന്ന ഒരു തട്ടിപ്പിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചക്കപ്രേമികളെ വേദനിപ്പിക്കുന്നതാണ് പുതിയ വീഡിയോ. നിറയെ ചക്കകൾ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഇതിനിടയിൽ ഒരു കച്ചവടക്കാരൻ ചക്കയിൽ പെയിന്റ് പുരട്ടുന്നതാണ് വീഡിയോയിലുള്ളത്. ഇയാൾക്കെന്താ ഭ്രാന്താണോയെന്നായിരിക്കും ആദ്യം തോന്നുക. എന്നാൽ സൂക്ഷിച്ചുനോക്കുമ്പോഴാണ് ചതി മനസിലാകുക.
ചക്കയുടെ അഴുകിയ ഭാഗം മറക്കാനാണ് അയാൾ പെയിന്റടിക്കുന്നത്. കേടായ ചക്ക ചുറ്റുമുള്ളവർ മാറ്റിയിടുന്നതും ഇതിൽ കാണാം. ഏറ്റവും പേടിപ്പെടുത്തുന്ന കാര്യമെന്താണെന്നുവച്ചാൽ പെയിന്റടിച്ച ചക്കയും അല്ലാത്തവും തിരിച്ചറിയാൻ കഴിയില്ല. ഇത് എവിടെയാണ് സംഭവമെന്ന് വ്യക്തമല്ല. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.