muhammad-shami

ന്യൂഡൽഹി: ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെ നോമ്പെടുക്കാതെ വെള്ളം കുടിച്ചതിന് വ്യാപക വിമർശനമാണ് മുഹമ്മദ് ഷമി നേരിട്ടത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് ഷമി വെള്ളം കുടിച്ചത്. ഇതിനെത്തുടർന്ന് അഖിലേന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റാസ്‌വി ഉൾപ്പെടെയുള്ളവർ ചില കോണുകളിൽ നിന്ന് ഷമിക്കെതിരെ പ്രതിഷേധം ഉയർത്തി. റംസാൻ നോമ്പ് ഒഴിവാക്കിയതിന് താരത്തെ റാസ്‌വി കുറ്റപ്പെടുത്തി. പിന്നീട് സമൂഹമാദ്ധ്യമങ്ങളിലൂടെയും ഷമി കടുത്ത വിമർശനങ്ങളാണ് നേരിട്ടത്.

ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. ന്യൂസ് 24ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ പ്രതിനിധീകരിക്കുകയോ യാത്ര ചെയ്യുന്നതോ ആയ ഒഴിവാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ വിശ്വാസികൾക്ക് നോമ്പ് എടുക്കാതിരിക്കാൻ ഖുർആൻ അനുവദിക്കുന്നുവെന്ന് ഷമി വ്യക്തമാക്കി. ക്രിക്കറ്റ് താരങ്ങൾ നേരിടുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'42-45 ഡിഗ്രി കൊടും ചൂടിലാണ് പലപ്പോഴും മത്സരങ്ങൾ കളിച്ചിരുന്നത്. തങ്ങൾ സ്വയം ത്യാഗം ചെയ്യുകയാണ്. വിമർശകർ ഇത് മനസ്സിലാക്കണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ നോമ്പ് മുറിക്കാൻ കഴിയുമെന്ന് വിശുദ്ധ ഗ്രന്ഥം പോലും പറയുന്നു'- ഷമി കൂട്ടിച്ചേർത്തു.