ജീവിതത്തിൽ പ്ലാറ്റിനം ജൂബിലി പിന്നിടുന്ന പ്രശസ്ത സർജൻ ഡോ. ജേക്കബ് ജോൺ രണ്ട് മഹാന്മാരെ മാത്രമേ മാതൃകയാക്കിയിട്ടുള്ളൂ.''ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്' "" എന്നു പറയുകയും അഹിംസ ഒരു മതമാക്കുകയും ചെയ്ത ഗാന്ധിജിയേയും വിപ്ലവാത്മകമെങ്കിലും പ്രായോഗിക ശൈലി സ്വീകരിച്ച സുഭാഷ് ചന്ദ്രബോസിനേയും...എന്നാൽ നാടിനെക്കുറിച്ചും ഗ്രാമ ജീവിതത്തേക്കുറിച്ചും ഡോക്ടർക്ക് ഇന്ന് പറയാനുള്ളത് അപ്രിയ സത്യങ്ങളാണ്.
കുഞ്ഞുനാൾ മുതൽ യൗവനകാലം വരെ ഗ്രാമങ്ങളിൽ നിന്ന് തൊട്ടറിഞ്ഞതെല്ലാം പ്രമുഖ സർജൻ ഡോ.ജേക്കബ് ജോണിന് ദിവ്യാനുഭവമാണ്. ആ നന്മകൾ തിരിച്ചുപിടിക്കാനാണ് നീണ്ട പ്രവാസകാലത്തിന് ശേഷം അദ്ദേഹം ജന്മനാട്ടിൽ തിരിച്ചെത്തിയത്. പിറന്നുവീണ എറണാകുളം ജില്ലയിലെ കുറിഞ്ഞി ഗ്രാമത്തിൽ തന്നെ ശിഷ്ടകാലമെന്നും തീരുമാനിച്ചു. ആധുനികത നാടിന് പല മാറ്റങ്ങളുമുണ്ടാക്കിയെന്ന തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, വികസനം, വലിയ കെട്ടിടങ്ങൾ, ജീവിത നിലവാരത്തിലെ ഉയർച്ച... ഇത്തരം മാറ്റങ്ങൾ ഉൾക്കൊള്ളാനും കഴിഞ്ഞു. എന്നാൽ മനുഷ്യബന്ധങ്ങളിൽ, അയൽക്കൂട്ട സൗഹൃദങ്ങളിൽ, നാട്ടുകൂട്ടായ്മകളിൽ കാലം വരുത്തിയ അകലം ഡോക്ടർ ചിന്തിച്ചതിലപ്പുറമായിരുന്നു. വിദേശത്ത് എല്ലാ ജീവിത സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും നാടണഞ്ഞതിൽ പശ്ചാത്തപിക്കേണ്ട സാഹചര്യം!
ആഗ്രഹിച്ചതല്ല കൺമുന്നിൽ
അതിപുരാതനമായ അകമ്പിള്ളിൽ തറവാട്ടിൽ യോഹന്നാന്റേയും സാറാമ്മയുടേയും ഏഴുമക്കളിൽ ഒരുവനായായിരുന്നു ജേക്കബ് ജോണിന്റെ ജനനം. കാർഷിക കുടുംബമായിരുന്നു. ജോലിക്കാർക്കൊപ്പം കന്നുപൂട്ടാനും കൃഷിചെയ്യാനുമെല്ലാം ഉത്സാഹിച്ചിരുന്നു. സർക്കാർ സ്കൂളിലും കോളേജിലും സർക്കാർ മെഡിക്കൽ കോളേജിലുമായിരുന്നു പഠനം. ജർമ്മനിയിലും ഗൾഫ് നാടുകളിലും ഏറെക്കാലം ജോലി ചെയ്തു. ഇപ്പോൾ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവർത്തിക്കുന്ന ഡോക്ടർക്ക് മെഡിക്കൽ രംഗത്ത് വിശാലമായ അനുഭവപരിചയമുണ്ട്.
നാട്ടിൽ മടങ്ങിയെത്തുമ്പോൾ കാണുന്നതൊന്നും പ്രതീക്ഷിച്ച കാര്യങ്ങളല്ലെന്ന് ഡോ. ജേക്കബ് പറയുന്നു. പഴയ കുടുംബ ബന്ധങ്ങളില്ല, അയൽവീട്ടിൽ ആരാണ് താമസമെന്ന് ആരും അന്വേഷിക്കുന്നില്ല, ഗ്രാമങ്ങളിലെ സുരക്ഷിതത്വം നഷ്ടമായി, ഉത്പാദന സംസ്ഥാനമായിരുന്ന കേരളം തീർത്തും ഉപഭോക്തൃ സംസ്ഥാനമായി...
ജനാധിപത്യത്തിലും സമഭാവ ചിന്താഗതി നഷ്ടമായി. മുമ്പുണ്ടായിരുന്ന ജന്മിത്വവും ദുഷ്പ്രഭുത്വവും മറ്റൊരുതരത്തിൽ തിരിച്ചെത്തിയെന്നതാണ് ഏറ്റവും ഖേദകരമെന്ന് ഡോ. ജേക്കബ് സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയത്തിലാണ് ജന്മിത്വം. ഉദ്യോഗസ്ഥതലത്തിൽ ദുഷ്പ്രഭുത്വവും. ചില നല്ല കാര്യങ്ങൾ ചെയ്യുന്നില്ലെന്നല്ല. എങ്കിലും സംഘടിതവും ഭീതിജനകവുമാണ് സ്ഥിതി.
ഏറ്റവുമധികം ജനങ്ങൾ എത്തുന്നത് റവന്യൂ ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലുമാണ്. ഭൂമി വിഷയങ്ങളിൽ ഉദ്യോഗസ്ഥർ വരുത്തിയ പിഴവുകൾ പോലും തിരുത്തിക്കിട്ടാൻ പല തവണ കയറിയിറങ്ങിയാലും സാധിക്കില്ല. ഒടുവിൽ സാധാരണക്കാർ വരെ കോടതികളെ സമീപിക്കേണ്ട ഗതികേടിലാണ്. വിദേശരാജ്യങ്ങളിൽ കണ്ടിരിക്കുന്നത് അങ്ങനെയല്ല. നിശ്ചിത ഫാറത്തിൽ അപേക്ഷിച്ചാൽ ഉടൻ തീരുമാനമുണ്ടാകും. ഇവിടെ പൊലീസിൽ നിന്ന് നീതി പ്രതീക്ഷിക്കുകയേ വേണ്ട. ചട്ടങ്ങൾക്കനുസരിച്ചുള്ള ഒരു നടപടിയും ഉണ്ടാകില്ല. സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നതെന്നും ഡോ. ജേക്കബ് സാക്ഷ്യപ്പെടുത്തി. (ആറുവർഷം മുമ്പ് അഴിമതിയ്ക്കെതിരേയും പൊലീസ് അവംഭാവത്തിനെതിരേയും ഉപവാസ സമരം നടത്തി അദ്ദേഹം ശ്രദ്ധനേടിയിരുന്നു. ബോധവത്ക്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്നും ഡോക്ടർ വ്യക്തമാക്കിയിട്ടുണ്ട്).
തലതിരിഞ്ഞ തീരുമാനം
അടുത്തിടെയുണ്ടായ സർക്കാർ തീരുമാനം ഡോക്ടറെ അത്ഭുതപ്പെടുത്തി. കാടുകയറിയ പുരയിടങ്ങൾ പഞ്ചായത്ത് ഇടപെട്ട് വെട്ടിത്തെളിക്കുമെന്നും ചെലവ് സ്ഥലമുടമയിൽ നിന്ന് ഈടാക്കുമെന്നുമാണ് കണ്ടത്. ഇത് വിഡ്ഢിത്തരമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിൽ കാടുകയറിയ പുരയിടങ്ങൾ വിരളമായിരുന്നു. വീട്ടിലും തൊടിയിലും എന്തെങ്കിലും കൃഷിപ്പണി ചെയ്യുന്നവരായിരുന്നു എല്ലാവരും. എവിടെയെങ്കിലും ചവറുണ്ടെങ്കിൽ അത് വളമാക്കി മാറ്റുമായിരുന്നു. ഈ രീതി മാറിയതാണ് പുരയിടങ്ങൾ കാടുപിടിക്കാൻ പ്രധാനകാരണം. കാടുവെട്ടാൻ പണം ചെലവിടുകയല്ല വേണ്ടത്. മറിച്ച് പുരയിടങ്ങൾ കൃഷിയോഗ്യമാക്കാനുള്ള പദ്ധതിയാണ് വേണ്ടത്.
ആളുകൾ കൃഷി നിർത്തിയതിന് കൂലി കൂടിയതല്ല കാരണം. കൃഷി ഉപജിവനമാർഗമാക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഉത്പന്നങ്ങൾക്ക് താങ്ങുവിലപോലും ഉറപ്പില്ല. തൊഴിലാളികൾക്കും ആത്മാർത്ഥതയില്ല. ചെടി ഉണങ്ങിയാലും വിള കരിഞ്ഞാലും അവർക്ക് കൂസലില്ല.
ആരോഗ്യ രംഗത്തും മാറ്റങ്ങളുണ്ടാകണം. ഇന്ത്യയിൽ ചികിത്സാച്ചെലവ് താരതമ്യേന കുറവാണെന്ന് സമ്മതിക്കുന്നു. എങ്കിലും ശരാശരി പൗരന് താങ്ങാനാകാത്ത സ്ഥിതിയുണ്ട്. രോഗികളുടെ ചിന്താഗതിയും മാറണം. ആദ്യഘട്ടത്തിൽ തന്നെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ സമീപിക്കേണ്ടതില്ല. എല്ലാവിധ സ്കാനിംഗിനും വിധേയരാക്കുന്നതാണ് അവരുടെ രീതി. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വിശകലനബുദ്ധി ഉപയോഗിച്ച് രോഗനിർണയം നടത്തുന്ന 'ക്ലിനിക്സ്' എന്ന പാടവം ഡോക്ടർമാരിൽ ഇല്ലാതായിരിക്കുന്നു. അതിനാൽ വിശ്വാസമുള്ള ഫിസിഷന്റെ ഒപ്പീനിയൻ തേടുകയാണ് ആദ്യം വേണ്ടത്. അവിടെ തീരുന്ന കാര്യമാണെങ്കിൽ അനാവശ്യ ചെലവ് വേണ്ടിവരില്ലല്ലോ. ആശുപത്രി സൗകര്യങ്ങളുടെ നിലവാരനിർണയം നടത്തിയാലേ നിരക്കുകളും ഏകീകരിക്കാനാകൂ. പകരം കച്ചവടത്തിനുള്ള അവസരം ഭരണാധികാരികൾ തന്നെ ഉണ്ടാക്കി. വിദ്യാഭ്യാസ രംഗത്തും സമാനമായ കച്ചവടമാണ്. അതിനു പകരം ചെറിയൊരു ഫീസ് ഏർപ്പെടുത്തി പൊതു വിദ്യാഭ്യാസരംഗത്തെ ശക്തിപ്പെടുത്തുന്നതായിരുന്നില്ലേ ഉചിതം? കുട്ടികളുടെ കാര്യത്തിലാണെങ്കിലും മസ്തിഷ്ക വികാസം കൊണ്ടു മാത്രം കാര്യമില്ല. സാമൂഹിക വികാസമുണ്ടാകണം. അതില്ലാത്തതാണ് ഈ ഒറ്റപ്പെടലുകൾക്ക് കാരണം.
സമഭാവം പ്രധാനം
വിദേശരാജ്യങ്ങളിലും പാവങ്ങളുണ്ട്. എന്നാൽ സാമൂഹിക സുരക്ഷയ്ക്ക് അവിടുത്തെ സർക്കാരുകൾ മുൻഗണന നൽകുന്നു. ഏതു ജോലിക്കും മാന്യതയുണ്ടെന്നതാണ് പ്രധാനം. ഒരു കസേരയ്ക്കും പ്രത്യേകതയില്ല. ജോലി ചെയ്യുന്ന ക്യാമ്പസിൽ നിന്ന് പുറത്തിറങ്ങിയാൽ സാറേ വിളിയില്ല. ബോസും ജീവനക്കാരും തുല്യരാണ്. അതിനാണ് സമഭാവമെന്ന് പറയുന്നത്. സമഭാവ മനോഭാവമുണ്ടെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. അല്ലാത്തപക്ഷം ഏത് ജനാധിപത്യവും തകരും. അതാണ് ഡോ. ജേക്കബ് ജോൺ വിശ്വസിക്കുന്ന സത്യം.
ഭിഷഗ്വരന്മാരുടെ കുടുംബമാണ് ഡോ. ജേക്കബ് ജോണിന്റേത്. ഭാര്യ: ചങ്ങനാശേരി മുക്കാടൻ കുടുംബാംഗം ഡോ. റോസ് ജേക്കബ്. മകൾ: ഡോ. ഷർമിജ (ബെംഗളൂരു).
ചിന്താവിഷയം
ജനാധിപത്യ സംസ്കാരം
എന്തായിരിക്കണം?
കഴിഞ്ഞ 75 വർഷമായി ഭാരതം അറിയപ്പെടുന്നത് ഒരു ജനാധിപത്യ രാജ്യം ആയിട്ടാണ്. തിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്, തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളാണ് നമ്മളെ ഭരിക്കുന്നത്. ഈ രണ്ടു പ്രക്രിയകൾ കൊണ്ട് ഒരു രാജ്യം ജനാധിപത്യ രാജ്യമായി മാറുമോ? സത്യസന്ധമായ ഉത്തരം അല്ല എന്നതാകും. ജനാധിപത്യത്തിലെ കാതൽ സംഹിത നിയമ തുല്യതയും സമൂഹത്തിലെ സമഭാവമനോഭാവവും ആണ്. ദൗർഭാഗ്യവശാൽ ഇതുരണ്ടും നമുക്കില്ല എന്നതല്ലേ വാസ്തവം.
ജനാധിപത്യം 75 വർഷം പിന്നിടുമ്പോഴും തുല്യതയിൽ അധിഷ്ഠിതമായ ഒരു കോമൺ സിവിൽ കോഡ് ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. സമൂഹത്തിൽ നമ്മളെല്ലാവരും പലതരത്തിൽ വ്യത്യസ്തരാകാം. സമൂഹത്തിൽ ചിലപ്പോൾ നമ്മൾ പണക്കാരാകാം, പാവപ്പെട്ടവരാകാം, ഡോക്ടർ ആകാം, എൻജിനീയറോ വക്കിലോ, ജഡ്ജിയോ, മന്ത്രിയോ, ജനപ്രതിനിധിയോ, ഉയർന്ന ഉദ്യോഗസ്ഥനോ, വ്യവസായിയോ, ബിസിനസുകാരനോ, പണ്ഡിതനോ, പാമരനോ, പുരോഹിതനോ ഒക്കെയാകാം. ഈ വ്യത്യാസങ്ങൾ നിലനിൽക്കേണ്ടത് അവരവരുടെ പ്രവൃത്തിമണ്ഡലങ്ങളിൽ മാത്രമാകണം. സമൂഹത്തിലേക്ക് വരുമ്പോൾ ഈ വ്യത്യാസം ഉണ്ടാകരുത്, എല്ലാവരും സമന്മാരാകണം, ഈ സമഭാവമനോഭാവം എല്ലാവരിലും ഉണ്ടാകണം, അപ്പോൾ മാത്രമാകും നമ്മളിൽ ജനാധിപത്യ സംസ്കാരം ഉണ്ടാകുക.
എന്നാൽ
നമുക്കില്ലാത്തതും അതല്ലേ?
ഭാരതത്തിൽ നിലനിന്നിരുന്ന ജാതി അധിഷ്ഠിത ചതുർവർണരാഷ്ടീയം ജനാധിപത്യത്തിലേയ്ക്ക് വന്നപ്പോൾ അത് മറ്റൊരു തരത്തിൽ ആയി എന്നതല്ലാതെ കാര്യമായ മാറ്റം ഒന്നും ഇപ്പോഴും അതിനുണ്ടായിട്ടില്ല. ജാതിക്കു പുറമെ ഇപ്പോൾ മതവും, രാഷ്ട്രീയവും, സമ്പത്തും, അധികാരവും, പദവിയും എല്ലാം ഇതിന്റെ ഘടകങ്ങൾ ആയി മാറിയെന്നതുമാത്രമാണ് അതിനുണ്ടായ മാറ്റം. ഇതൊരിക്കലും ജനാധിപത്യത്തിന് ഭൂഷണം അല്ല. ഇന്ന് വൈറ്റ് കോളർ ജോലികളോട് ആസക്തി കൂടി വരുന്നതും ഇതരജോലികൾ ചെയ്യാൻ മടി കാണിക്കുന്നതും എല്ലാം ഈ വി.ഐ.പി, വി.വി.ഐ.പി സംസ്കാരത്തിന്റെ അനന്തര ഫലങ്ങൾ ആണ്.