സ്‌ക്രീനിംഗ്, ചികിത്സ, പ്രതിരോധം എന്നിവയിലെ വൈദ്യശാസ്ത്രപരമായ മുന്നേറ്റങ്ങൾ അതിജീവന സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നത് തുടരുമ്പോഴും "കാൻസർ" എന്ന വാക്ക് കേൾക്കുമ്പോൾ ഇപ്പോഴും എല്ലാവർക്കും ഭയമാണ്. ഇപ്പോഴിതാ ജീവിത ശൈലി മെച്ചപ്പെടുത്തി കാൻസർ പ്രതിരോധിക്കാമെന്നാണ് പുതിയപഠനങ്ങൾ പറയുന്നത്. ചില പാനീയങ്ങൾ ശരീരത്തിന്റെ കാൻസർ സാദ്ധ്യതകളെ കുറയ്ക്കുമെന്നാണ് ഹാർവാർഡിൽ നിന്ന് പരിശീലനം ലഭിച്ച ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി അഭിപ്രായപ്പെടുന്നത്. ഇതിന് സഹായിക്കുന്ന മൂന്ന് പാനീയങ്ങൾ പരിചയപ്പെടാം.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് പോലുള്ള ആൻറി ഓക്സിഡൻറുകൾ ഒരുപാട് അടങ്ങിയിട്ടുണ്ടെന്നാണ് ഡോക്ടർ പറയുന്നത്. പ്രത്യേകിച്ച് എപ്പിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (EGCG) പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് പലപ്പോഴും ഒരു "സൂപ്പർ ഡ്രിങ്ക്" ആയിട്ടാണ് എല്ലാവരും വാഴ്ത്തുന്നത്.
ഗ്രീൻ ടീ ചില കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അസാധാരണമായ കോശ വളർച്ചയ്ക്ക് കാരണമാകുന്ന രണ്ട് പ്രധാന ഘടകങ്ങളായ വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാനുള്ള കഴിവിലാണ് ഗ്രീൻ ടീയുടെ യഥാർത്ഥ ഗുണം. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനുള്ള മാർഗമായി ദിവസവും ഒരു കപ്പ് ചൂടുള്ള ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.
ഗ്രീൻ സ്മൂത്തി
ചീര, വെള്ളരിക്ക, സെലറി, ഇഞ്ചി എന്നിവയുടെ മിശ്രിതം ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും കാൻസർ സാദ്ധ്യത കുറയ്ക്കാനും സഹായിക്കുന്ന വിഷവിമുക്തമാക്കുന്ന ഒരു പാനീയമായിട്ടാണ് ഡോക്ടർമാർ പറയുന്നത്.
മഞ്ഞൾ പാൽ
തന്റെ പതിവ് ചേരുവകളിൽ ഏറ്റവും ഇഷ്ടപ്പെട്ട പാനിയമാണ് മഞ്ഞൾ പാലെന്ന് സൗരഭ് സേഥി പറയുന്നു. ഗുണങ്ങൾ വർദ്ധിപ്പിക്കുന്നതിന്, ബദാം പാലും ഒരു നുള്ള് കുരുമുളകും ചേർത്ത് കുടിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. പോഷകങ്ങൾ പെട്ടെന്ന് ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു.